അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് അഡ്ലെയ്ഡില്‍ തുടക്കമാകുകയാണ്. ആദ്യ ടെസ്റ്റില്‍ സെഞ്ചുറികളുമായി തിളങ്ങി യശസ്വി ജയ്‌സ്വാളും വിരാട് കോലിയും വിക്കറ്റ് വേട്ട നടത്തിയ ജസ്പ്രീത് ബുമ്രയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഈ പരമ്പരയില്‍ തന്നെ ഭയപ്പെടുത്തുന്ന ഇന്ത്യന്‍ കളിക്കാരന്‍ ഇവരാരുമല്ലെന്ന് തുറന്നു പറയുകയാണ് ക്രിക്‌ബ്ലോഗ് .നെററിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഓസട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍.
റിഷഭ് പന്താണ് എന്നെ ഭയപ്പെടുത്തുന്ന ഇന്ത്യന്‍ താരം. കാരണം, കഴിഞ്ഞ പരമ്പരയില്‍ സിഡ്‌നിയില്‍ ഞങ്ങളത് കണ്ടതാണ്, അവന് ഒറ്റക്ക് കളിയുടെ ഗതി മാറ്റാന്‍ കഴിയും. ഏഴാം നമ്പറിലിറങ്ങുന്ന അവന്‍ അതിവേഗം സ്‌കോര്‍ ചെയ്യും. അവന്റെ വിക്കറ്റ് കീപ്പിംഗും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വലിയൊരു അപകടത്തിനുശേഷം അവന്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തി എന്നത് സന്തോഷം പകരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഈ പരമ്പരയില്‍ ഞാന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കളിക്കാരന്‍ റിഷബ് പന്താണ്-ബോര്‍ഡര്‍ പറഞ്ഞു.
Also Read: ഇന്ത്യ-ആസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
പരമ്പരയുടെ ഗതി നിര്‍ണയിക്കുന്നതില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് നിര്‍ണായക പങ്കുണ്ടാകുമെന്നും ബോര്‍ഡര്‍ പറഞ്ഞു. അവന്‍ മുമ്പും ഓസ്‌ട്രേലിയയില്‍ മികവ് കാട്ടിയിട്ടുണ്ട്. ചില ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഇന്ത്യക്ക് മാനസികാധിപത്യം ലഭിക്കുന്നത് അവന്റെ സാന്നിധ്യം കൊണ്ടാണ്. അതുകൊണ്ട് തന്നെ ബുമ്ര മികവ് കാട്ടിയില്ലെങ്കില്‍ പരമ്പരയുടെ ഗതി ഓസ്‌ട്രേലിയക്ക് അനുകൂലമാകുമെന്നും ബോര്‍ഡര്‍ പറഞ്ഞു.