വലിയ ഒരു രാഷ്ട്രീയ ഗൂഢാലോചനയാണ് മാസപ്പടി കേസിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്ക് എതിരെ ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് കേസെടുക്കുകയും, പിന്നീട് ഈ കേസ് കേന്ദ്ര ഏജൻസിയായ സിബിഐക്ക് കൈമാറിയതിലുമുളള പകവീട്ടലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യുഡിഎഫ് സർക്കാർ സ്വീകരിക്കാൻ പോകുന്നത്. പിണറായി വിജയനും, മകൾ വീണ വിജയനും , മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കേണ്ടി വരുമെന്ന സൂചന മുഖ്യമന്ത്രി വിഡി സതീശൻ തന്നെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു തന്നെ നിലപാടും വ്യക്തമാണ്.
അതായത് ഉമ്മൻ ചാണ്ടിക്കും കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ്സ് നേതാക്കൾക്കും എതിരെ പൊലീസ് കേസും കേന്ദ്ര ഏജൻസിയുടെ അന്വേഷണവും ആകാമെങ്കിൽ ഇത്തരം ഒരു നിലപാട് സ്വീകരിക്കാൻ നേതൃത്വം നൽകിയ പിണറായി വിജയനും അദ്ദേഹത്തിൻ്റെ കുടുംബവും സമാന സാഹചര്യം നേരിട്ട് വേദന എന്താണ് എന്നത് അറിയട്ടെ എന്നതാണ് കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ നിലപാട്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പ്രതികാരത്തിന്റെ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നത്. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതും പിന്നീട് അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐക്ക് കൈമാറിയതും കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമാണ്. പല കോൺഗ്രസ്സ് നേതാക്കളുടെയും കുടുംബ ജീവിതത്തെ ബാധിക്കുന്ന വിഷയമായി വരെ ഈ കേസ് മാറി എന്നത് വസ്തുതയാണ്.
സോളാർ കേസിൽ പ്രതിയായിരുന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ ജീവിച്ചിരിപ്പില്ലങ്കിലും ആ കേസിൽ പ്രതികളായ കെസി വേണുഗോപാൽ ഇപ്പോൾ എഐസിസി ജനറൽ സെക്രട്ടറിയായി സൂപ്പർ പവറിലാണ് ഉള്ളത്. അടൂർ പ്രകാശാകട്ടെ, യു ഡി എഫ് എന്ന സംവിധാനത്തിൻ്റെ തന്നെ കൺവീനറായാണ് നിലവിൽ പ്രവർത്തിക്കുന്നത്. മറ്റൊരു പ്രതി ആയിരുന്ന എപി അനിൽകുമാർ, വിഡി സതീശൻ സർക്കാറിൽ ഇപ്പോൾ റവന്യൂ മന്ത്രിയാണ്. എറണാകുളം എംപി ആയ ഹൈബി ഈഡനും ഈ കേസിൽ പ്രതി ചേർക്കപ്പെട്ട വ്യക്തിയാണ്. ഇവരുൾപ്പെടെ ആറ് പ്രതികൾക്ക് എതിരെയാണ്, സ്ത്രീ പീഢനം, സാമ്പത്തിക തട്ടിപ്പ് വകുപ്പുകൾ ചുമത്തിയ കേസ് സിബിഐ അന്വേഷിച്ചിരുന്നത്.
എന്നാൽ പിന്നീട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകുകയാണ് ഉണ്ടായത്. ഇതിന് കാരണമായി പരാതിക്കാരി പറഞ്ഞിരുന്നത്, അക്കാലത്ത് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന എപി അബ്ദുള്ളകുട്ടിയും സോളാർ കേസിൽ പ്രതി ആയിരുന്നത് കൊണ്ട് അദ്ദേഹത്തെ കുറ്റവിമുക്തമാക്കേണ്ടത് കേന്ദ്ര സർക്കാറിൻ്റെ ബാധ്യത ആയി മാറുകയായിരുന്നു എന്നതാണ്. അതുകൊണ്ടാണ്, കോൺഗ്രസ്സ് നേതാക്കളായ മറ്റ് പ്രതികളും രക്ഷപ്പെട്ടത് എന്നാണ് വാദി ഭാഗത്തിൻ്റെ വാദം. ഈ വാദത്തിൽ കഴമ്പുണ്ടെങ്കിലും ഇല്ലങ്കിലും, ഒരു കാര്യം എന്തായാലും ഉറപ്പാണ്. എപി അബ്ദുള്ള കുട്ടിയ്ക്ക് എതിരെ സ്ത്രീപീഡന കേസിൽ സിബിഐ കുറ്റപത്രം നൽകിയിരുന്നു എങ്കിൽ ദേശീയ തലത്തിൽ തന്നെ ബിജെപി നാറുമായിരുന്നു. അത്തരം ഒരവസ്ഥ അബ്ദുള്ളക്കുട്ടിക്ക് ക്ലീൻചിറ്റ് ലഭിച്ചത് വഴി ഒഴിവായി എന്നതാണ് യാഥാർത്ഥ്യം.
സിബിഐയുടെ നിലപാട് പുറത്ത് വന്നതിന് പിന്നാലെ അന്ന് വി ഡി സതീശൻ ആവശ്യപ്പെട്ട പ്രധാനപ്പെട്ട കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണമെന്നതായിരുന്നു. അഞ്ച് മുതിർന്ന നേതാക്കളെയാണ് കള്ളക്കേസിൽ കുടുക്കി സി.പി.എം. അപമാനിച്ചതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. അതേ സതീശനാണ് ഇപ്പോൾ പിണറായി അന്നിരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ ഇരിക്കുന്നത്. മാസപ്പടി കേസിനും അപ്പുറമായ ഗൗരവമായ ചില വിഷയങ്ങൾ ഇഡി നൽകിയ കത്തിലുണ്ട് എന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോൾ അത് പൊലീസിനും വിജിലൻസിനും ഉള്ള ഒരു നിർദ്ദേശം കൂടിയാണ്.
സംസ്ഥാനത്തെ ഏതെങ്കിലും അന്വേഷണ ഏജൻസി ഒരു കേസ് രജിസ്റ്റർ ചെയ്യാതെ കടുത്ത നടപടിയിലേക്ക് പോകാൻ ഇഡിക്ക് നിയമപരമായി കഴിയുകയില്ല. ഈ തടസ്സം ഒഴിവാക്കാനാണ്, പിണറായി വിജയനും, മകൾ വീണക്കും , മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരിക്കുന്നത്. അതിന് അവരെ പ്രേരിപ്പിച്ച ഘടകങ്ങൾ പലതാണ്.
അതിൽ പ്രധാനം 2031 എന്ന ബി.ജെ.പിയുടെ കേരള ടാർഗറ്റിനായി ഈ മണ്ണ് പാകപ്പെടുത്തുക എന്നതാണ്. രണ്ടാമത്തെകാരണം സ്വന്തം ഉദ്യോഗസ്ഥർ പിണറായി വിജയൻ്റെ വീട്ടിനു മുന്നിൽ ആക്രമിക്കപ്പെട്ടതിലെ പ്രതികാരം തീർക്കുക എന്നതാണ്. അതിനാണ് മകളുടെയും മരുമകൻ്റെയും പിന്നാലെ പോയവർ ഒടുവിൽ പിണറായി എന്ന ടാർഗറ്റിലേക്ക് തന്നെ ഇപ്പോൾ എത്തിയിരിക്കുന്നത്.
വിഷയം അഴിമതി സംബന്ധിച്ചായതിനാൽ, വിജിലൻസിനെ കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ച്, കേന്ദ്ര ഏജൻസിയായ ഇഡിയെ കൊണ്ട് പിണറായി വിജയനെതിരെ, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിപ്പിക്കാനാണ് യുഡിഎഫ് സർക്കാരിപ്പോർ ശ്രമിക്കുന്നത്. ‘ഒരുവെടിക്ക് രണ്ട് പക്ഷി’ എന്ന് പറയുന്നതു പോലെ, നേതാക്കളോട് ചെയ്തതിനുള്ള മധുരമായ പ്രതികാരവും, ഒപ്പം രാഷ്ട്രീയമായ നേട്ടവുമാണ് കോൺഗ്രസ്സ് നേതൃത്വം മുന്നിൽ കാണുന്നത്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ആ പാർട്ടിയുടെ വിശ്വാസ്യത കളയുകയും ചെയ്താൽ, അടുത്ത 10 വർഷം തുടർച്ചയായി ഭരിക്കാമെന്നതാണ് വിഡി സതീശൻ കണക്ക് കൂട്ടുന്നത്.
സോളാർ കേസ് വന്നപ്പോൾ, ഉമ്മൻ ചാണ്ടിയും കോൺഗ്രസുമായിരുന്നു പ്രതിരോധത്തിലെങ്കിൽ, ഇപ്പോൾ പ്രതിരോധത്തിലായിരിക്കുന്നത് സി.പി.എമ്മും ഇടതുപക്ഷവുമാണ്. സോളാർ കേസ്, പരാതിക്കാരിയുടെ ആവശ്യം മാനിച്ചാണ് പിണറായി സർക്കാർ സിബിഐയ്ക്ക് കൈമാറിയിരുന്നത്. ഈ നടപടിയെ അന്ന് അതിശക്തമായാണ് കോൺഗ്രസ്സ് എതിർത്തിരുന്നത്.
അതുകൊണ്ടു തന്നെ, കേന്ദ്ര ഏജൻസിയായ ഇഡി ഇപ്പോൾ പിണറായിക്ക് എതിരെ കേസെടുക്കാൻ പറഞ്ഞ സ്ഥിതിക്ക്, ഒരു പരിശോധനയുടെയും ആവശ്യമില്ലാതെ തന്നെ കേസെടുക്കണമെന്നതാണ്, സോളാർ കേസിൽ പ്രതികളായിരുന്ന കോൺഗ്രസ്സ് നേതാക്കളുടെ നിലപാട്. പ്രതിയായ ഘട്ടത്തിൽ, ഉമ്മൻ ചാണ്ടി എടുത്ത ഒരു നിലപാട് എന്നു പറയുന്നത്, അന്വേഷണത്തെ നേരിടുമെന്നും, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലന്നതുമായിരുന്നു.
ഇത്തരം ഒരു നിലപാട് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ പിണറായി വിജയൻ സ്വീകരിക്കുമോ എന്നതാണ്, രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ, ഇപ്പോൾ ഉറ്റുനോക്കുന്നത്. അതേസമയം, ബിജെപിയുമായി വിഡി സതീശൻ ഒത്തുകളിച്ച് ഉണ്ടാക്കിയ ഒരു രാഷ്ട്രീയ പകപോക്കലായാണ് ഇഡിയുടെ പുതിയ നീക്കത്തെ സി.പി.എം നോക്കി കാണുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ തന്നെയാണ് തീരുമാനം.
സംസ്ഥാന ഏജൻസി പിണറായിക്ക് എതിരെ കേസെടുത്താൽ, ശക്തമായ പ്രചാരണം സംഘടിപ്പിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
“സോളാർ കേസിന് പ്രതികാരം ചെയ്യാൻ കോൺഗ്രസ് കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നു” എന്ന ആരോപണം ഉയർത്തി ആഞ്ഞടിക്കാനുള്ള സാധ്യതയും കൂടുതലാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പിണറായിക്ക് എതിരെ കടുപ്പിക്കുമ്പോൾ, ചങ്കിടിക്കുന്നവർ, യുഡിഎഫിലും ഉണ്ട്. വീണ്ടും ഇനി ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ഇതിനെല്ലാം, എണ്ണിയെണ്ണി പ്രതികാരം ചെയ്യുമെന്ന ഭീതിയാണ് ഈ വിഭാഗത്തെ അലട്ടുന്നത്.
യുഡിഎഫ് സർക്കാർ കേസെടുക്കാൻ നിർദ്ദേശിക്കാതിരുന്നാൽ, പാർട്ടിയിലും മുന്നണിയിലും അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് പറഞ്ഞ് ഈ സമ്മർദ്ദത്തിൽ നിന്നും തലയൂരാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം പിണറായി വിജയനെതിരെ കോൺഗ്രസ് ഏറ്റവും ശക്തമായി ഉയർത്തിയ വിഷയങ്ങളിലൊന്നാണ് മാസപ്പടി എന്ന് പറഞ്ഞ്, പാർട്ടിയിലും മുന്നണിയിലും ഏകീകൃത തീരുമാനം ഉണ്ടാക്കാനാണ്, മുഖ്യമന്ത്രി വിഡി സതീശൻ ഇപ്പോൾ ശ്രമിക്കുന്നത്. കേസെടുത്തില്ലങ്കിൽ, “സിപിഎം – യു ഡിഎഫ് ധാരണ” എന്ന ആരോപണം ബിജെപി ഉയർത്തിയാൽ അതിനെ പ്രതിരോധിക്കുക യുഡിഎഫിന് എളുപ്പമായിരിക്കില്ലന്ന മുന്നറിയിപ്പും, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങൾ ലീഗ് നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, കേസെടുത്താലും പ്രതിസന്ധി. കേസെടുക്കാതിരുന്നാലും പ്രതിസന്ധി എന്ന നിലപാടിലാണ് സർക്കാറും യുഡിഎഫും ഇപ്പോഴുള്ളത്. ദേശീയ രാഷ്ട്രീയത്തിലും ഇതിൻ്റെ പ്രത്യാഘാതം ഉറപ്പാണ്. ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രത്തിലെ ബിജെപി സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നുവെന്നതാണ് കോൺഗ്രസും ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികളും നിരന്തരം ഉയർത്തുന്ന പ്രധാന ആരോപണം. അത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ സിപിഎം നേതാക്കളിലൊരാളായ പിണറായി വിജയനെതിരായ കേസിൽ, ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കോൺഗ്രസ് സർക്കാർ തന്നെ നടപടിയിലേക്ക് നീങ്ങിയാൽ, അത് ഇന്ത്യ സഖ്യത്തിൻ്റെ തകർച്ചയ്ക്ക് കൂടിയാണ് വഴിയൊരുക്കുക. നിലവിൽ ഡിഎംകെ , ഇന്ത്യ സഖ്യ ബന്ധം തന്നെ അവസാനിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇടതുപാർട്ടികൾ കൂടി ഈ പാത പിൻതുടർന്നാൽ, അത് കോൺഗ്രസ്സിൻ്റെ ഡൽഹി സ്വപ്നങ്ങളെയാണ് തകിടം മറയ്ക്കുക.
മാത്രമല്ല, “ഇഡി രാഷ്ട്രീയ ആയുധമാണെങ്കിൽ, കോൺഗ്രസ് സർക്കാർ എന്തുകൊണ്ട് അതേ ഇഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായിക്കെതിരെ നടപടിയെടുക്കുന്നു?” എന്ന ചോദ്യം ദേശീയതലത്തിൽ ഉയർത്താനും ബിജെപിക്ക് കഴിയും. മറുവശത്ത് സിപിഎമ്മിനും നും ഇത് വലിയ രാഷ്ട്രീയ ആയുധമായി മാറും. പിണറായി വിജയനെതിരെ നടപടിയുണ്ടായാൽ കേരളത്തിൽ സിപിഎം അതിനെ ഒരു അഴിമതിക്കേസായി മാത്രമല്ല, കോൺഗ്രസ്സ്- ബിജെപി ഗൂഢാലോചന ആയാണ് അവതരിപ്പിക്കുക. മുഖ്യമന്ത്രി വിഡി സതീശന് ബിജെപി നേതാക്കളുമായുള്ള അടുപ്പവും, അടുത്തയിടെ ഉണ്ടായ നയപരമായ ചില മാറ്റങ്ങളും കോൺഗ്രസ്സിലും ലീഗിലും കടുത്ത അതൃപ്‌തിയ്ക്ക് കാരണമായ സാഹചര്യത്തിൽ സി. പി. എം ഇത്തരം ഒരു പ്രചരണം അഴിച്ച് വിട്ടാൽ യു ഡി എഫ് നേതൃത്വമാണ് ശെരിക്കും പ്രതിരോധത്തിലായിപ്പോവുക.
EXPRESS KERALA
വീഡിയോ കാണാം…






