സ്റ്റീൽ ഇറക്കുമതിയ്ക്ക് നിയന്ത്രണം! ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ; വിസ്‌കി നികുതിയിളവ് പുനഃപരിശോധിച്ചേക്കും

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒപ്പുവെച്ചതും ഈ വർഷം മുതൽ പ്രാബല്യത്തിൽ വരാനിരുന്നതുമായ ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറിനെ ഈ വിവാദം പ്രതിസന്ധിയിലാക്കി

സ്റ്റീൽ ഇറക്കുമതിയ്ക്ക് നിയന്ത്രണം! ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ; വിസ്‌കി നികുതിയിളവ് പുനഃപരിശോധിച്ചേക്കും
സ്റ്റീൽ ഇറക്കുമതിയ്ക്ക് നിയന്ത്രണം! ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ; വിസ്‌കി നികുതിയിളവ് പുനഃപരിശോധിച്ചേക്കും

സ്റ്റീൽ ഇറക്കുമതിയിൽ ബ്രിട്ടൻ ഏർപ്പെടുത്താൻ പോകുന്ന പുതിയ നിയന്ത്രണങ്ങൾക്കെതിരെ കർശന നിലപാടുമായി ഇന്ത്യ. നിയന്ത്രണങ്ങളിൽ അയവ് വരുത്തിയില്ലെങ്കിൽ, സ്‌കോച്ച് വിസ്‌കി ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് നൽകിയ നികുതിയിളവുകൾ പുനഃപരിശോധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്ക് തൊട്ടുമുമ്പാണ് ഈ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്.

രാജ്യത്തെ ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ സ്റ്റീൽ ഇറക്കുമതിയുടെ ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുവ വർദ്ധിപ്പിക്കാനുമുള്ള ബ്രിട്ടന്റെ നീക്കമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒപ്പുവെച്ചതും ഈ വർഷം മുതൽ പ്രാബല്യത്തിൽ വരാനിരുന്നതുമായ ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറിനെ ഈ വിവാദം പ്രതിസന്ധിയിലാക്കി.

നിലവിൽ ബ്രിട്ടൻ വ്യാപാര സെക്രട്ടറി പീറ്റർ കൈൽ ഇന്ത്യയിലെത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ചകൾ നടത്തുന്നുണ്ട്. കരാർ ഇരുരാജ്യങ്ങൾക്കും വലിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് കൈൽ പറയുമ്പോഴും, തർക്കവിഷയമായ സ്റ്റീൽ വിഷയത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. വ്യാപാര കരാറിന്റെ ഭാഗമല്ല സ്റ്റീൽ വിഷയമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

Also Read:ആർബിഐ പണനയ യോഗത്തിന് ഇന്ന് തുടക്കം; പലിശനിരക്കിൽ മാറ്റമുണ്ടാകുമോ? രാജ്യം ഉറ്റുനോക്കുന്ന പ്രഖ്യാപനം ജൂൺ 5-ന്!

കരാർ പ്രകാരം സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായും, പിന്നീട് പത്ത് വർഷത്തിനുള്ളിൽ 40 ശതമാനമായും കുറയ്ക്കാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തുണിത്തരങ്ങളും കാറുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളിൽ വലിയ ഇളവുകളാണ് കരാറിലൂടെ ലക്ഷ്യമിട്ടത്. 2040-ഓടെ ഉഭയകക്ഷി വ്യാപാരത്തിൽ 25.5 ബില്യൺ പൗണ്ടിന്റെ വർദ്ധനവാണ് ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.

എന്നാൽ, പുതിയ നിയന്ത്രണങ്ങൾ ഇന്ത്യൻ കയറ്റുമതിക്കാരുടെ ബ്രിട്ടീഷ് വിപണിയിലേക്കുള്ള പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ ഇതിനകം ലോക വ്യാപാര സംഘടനയെ സമീപിച്ചിട്ടുണ്ട്. ബ്രസീൽ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടന്റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ നിർണ്ണായകമായ ഈ ഘട്ടത്തിൽ, സ്റ്റീൽ തർക്കം കരാറിന്റെ ഭാവി എന്താകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top