യു.എ.ഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത ചൂടിന് നേരിയ ശമനമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ക്രമേണ കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലാണ് താപനിലയിൽ കൂടുതൽ കുറവ് അനുഭവപ്പെടുക. പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ഉൾപ്രദേശങ്ങളിൽ താപനില 44 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും തീരപ്രദേശങ്ങളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം. പർവ്വത മേഖലകളിൽ 32 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില.
താപനില കുറയുന്നതിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. കിഴക്കുനിന്നുള്ള ദുർബലമായ ഉപരിതല ന്യൂനമർദ്ദ മേഖലയുടെയും ഉയർന്ന അന്തരീക്ഷ മർദ്ദമേഖലയുടെയും സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കും.
Also Read: വിവിധ മേഖലകളെ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണ ശ്രമം! പ്രതിരോധിച്ച് യു.എ.ഇ ദേശീയ സൈബർ സുരക്ഷാ കൗൺസിൽ
അതേസമയം, ഓഗസ്റ്റ്12 ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ചയോടെ തീരപ്രദേശങ്ങളിൽ ചൂട് വീണ്ടും ഉയർന്നേക്കും. രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടാനും ശനിയാഴ്ച മുതൽ ഞായറാഴ്ച രാവിലെ വരെ ചില തീരമേഖലകളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.






