തൃശൂര്‍: കനത്ത മഴയില്‍ പുന്നയൂര്‍ക്കുളത്തെ 40 ഓളം വീടുകളില്‍ വെള്ളം കയറി. പുന്നയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് അവിയൂര്‍ പനന്തറ എസ് സി കോളനിയില്‍ വീടുകളിലാണ് വെള്ളം കയറിയത്. കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനോ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാനോ പഞ്ചായത്ത് തയ്യാറായിട്ടില്ലെന്ന് കോളനി നിവാസികള്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകണമെങ്കില്‍ പത്ത് കിലോമീറ്റര്‍ അപ്പുറത്തുള്ള കടപ്പുറം പഞ്ചായത്തിലെ സര്‍ക്കാര്‍ ക്യാമ്പിലേക്ക് പോയിക്കൊള്ളാന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതായും ദുരിതബാധിതര്‍ ആരോപിച്ചു.
Also Read: രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും ഭാരതാംബ ചിത്രം; പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി
പഞ്ചായത്തില്‍ തന്നെ നിരവധി സ്‌കൂളുകളും ഹാളുകളും സൗകര്യങ്ങളും ഉള്ളപ്പോള്‍ അവിടെയൊന്നും ക്യാമ്പ് ഒരുക്കാതെ തങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കോളനിവാസികള്‍ പറഞ്ഞു. കിടപ്പ് രോഗികളും കുട്ടികളും കന്നുകാലികളും അടക്കം ഇത്രയും ദൂരത്തേക്ക് പേകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. കിണറുകളിലും മറ്റും ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്. കൂടാതെ മോട്ടോര്‍ തകരാറിലായതിനാല്‍ ഇവിടേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങി.
ദുരിതത്തിനിടയിലും പലരും ഭീമമായ തുക നല്കിയാണ് കുടിവെള്ളം പുറമെ നിന്ന് വാങ്ങുന്നത്. കുടിവെള്ളം ഒരുക്കാന്‍ പോലും പഞ്ചായത്ത് തയാറായില്ലെന്ന് കോളനിക്കാര്‍ പരാതിപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഈ ഭാഗത്ത് വെള്ളം കയറി തുടങ്ങിയത്. അതേ സമയം സര്‍ക്കാരിന്റെ ദുരിതാശ്വാസ താമസ കേന്ദ്രം കടപ്പുറം പഞ്ചായത്തില്‍ വിപുലമായ സൗകര്യത്തോടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ പറഞ്ഞു.