റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ഈ വർഷം സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പരിശീലനത്തിനും പരീക്ഷണ പറക്കലിനുമുള്ള ആദ്യ റിസർവ് വിമാനമായ ബോയിങ് 787-9 റിയാദിലെത്തി. ഇത് പൂർണമായി റിസർവ് വിമാനമായിരിക്കും. പതിവ് സർവീസിന് വേണ്ടി ഓർഡർ ചെയ്ത 72 ബോയിങ് 787-9 വിമാനങ്ങളിൽ നിന്ന് പൂർണമായും സ്വതന്ത്രമാണ് റിസർവ് വിമാനം. ഇത് ഉടൻ പരീക്ഷണ പറക്കലിനായി ഉപയോഗിക്കും.
തൂവെള്ള നിറമുള്ള പുറംബോഡിയിൽ ഇൻഡിഗോ നിറത്തിലുള്ള റിയാദ് എയറിന്റെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. വാണിജ്യ വിമാന സർവീസ് ആരംഭിക്കുന്നതിന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി മുഖേനയുള്ള എയർ ട്രാൻസ്പോർട്ട് ലൈസൻസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റിസർവ് വിമാനം കൂടിയുണ്ടാവണം. ആ നിബന്ധന പാലിക്കാനാണ് വിമാനം എത്തിച്ചിരിക്കുന്നത്.
Also Read: അപകടകരമായ ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തി
അടുത്ത മാസം റിയാദ് എയർ വിമാനങ്ങളുടെ ഇന്റീരിയർ രൂപകൽപനയും അതിനുള്ളിലെ സൗകര്യങ്ങളും സംബന്ധിച്ച വെളിപ്പെടുത്തൽ കമ്പനി നടത്തും. ആഡംബര രൂപകല്പനയും ഉൽപന്ന ഗുണനിലവാരവും കൊണ്ട് വേറിട്ടുനിൽക്കുന്നതാണ് റിയാദ് എയർ വിമാനങ്ങളുടെ ഇന്റീരിയർ. സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിൽ നേരിട്ടുള്ള സംരംഭമാണ് റിയാദ് എയർ. ലോകമാകെ നിരവധി കേന്ദ്രങ്ങളിലേക്ക് സർവീസ് ശൃംഖല സ്ഥാപിക്കാനൊരുങ്ങുന്ന കമ്പനി ആദ്യഘട്ടത്തിൽ 72 ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് വാങ്ങുന്നത്.






