ഗുവാഹത്തി: അസമിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഖനിയിലെ ജലനിരപ്പ് കുറച്ചു കൊണ്ട് തെരച്ചില്‍ നടപടികള്‍ക്കാണ് പുരോഗമിക്കുന്നത്. ജലനിരപ്പ് പൂര്‍ണ്ണമായി കുറയ്ക്കാനാകാത്താണ് ഇപ്പോള്‍ പ്രതിസന്ധിയാകുന്നത്. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ ജീവനോടെയുണ്ടോ എന്നകാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. എട്ടു പേരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്.
അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്‌സോയിലെ കല്‍ക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികള്‍ അകപ്പെട്ടത്. ഖനിയില്‍ ഒന്‍പത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റെയും, എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനം.
Also Read: സവര്‍ക്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം
300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു എന്ന വാര്‍ത്ത അധികൃതര്‍ തള്ളി. 48 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്താനായത്. ഖനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനും, ഇന്ത്യയില്‍ നിരോധിച്ച ഖനനരീതി പിന്തുടര്‍ന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ്മ പറഞ്ഞു. ഖനിയുടമക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.