ടെസ്ല ഇന്ത്യയിലേക്കില്ലെന്ന് റിപ്പോർട്ടുകൾ

ടെസ്ല ഇന്ത്യയിലേക്കില്ലെന്ന് റിപ്പോർട്ടുകൾ

ന്ത്യയിലെ നിക്ഷേപപദ്ധതിയിൽനിന്ന് അമേരിക്കൻ വൈദ്യുതവാഹന നിർമാതാക്കളായ ടെസ്ല പിൻവാങ്ങുന്നതായി റിപ്പോർട്ട്. ഇലോൺ മസ്കിന്റെ ടെസ്ല ഇന്ത്യയിൽ ഉത്പാദനം തുടങ്ങുമെന്നും ഇതിനായി വലിയനിക്ഷേപം നടത്തുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിൻ്റെ ഭാഗമായി ഏപ്രിലിൽ ഇലോൺ മസ്ക് ഇന്ത്യ സന്ദർശിക്കാനിരുന്നതാണ്. എന്നാൽ, അദ്ദേഹം യാത്ര ഒഴിവാക്കി. ഇതിനുശേഷം ടെസ്ല ഉദ്യോഗസ്ഥർ ഇന്ത്യൻ അധികൃതരുമായി നിക്ഷേപവുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്ക് ശ്രമിച്ചിട്ടില്ലെന്നാണ് വിവരം.

വൈദ്യുതവാഹനരംഗത്ത് ചൈനീസ് കമ്പനികളുമായുള്ള മത്സരത്തിൽ തിരിച്ചടി നേരിടുന്ന കമ്പനി ഇന്ത്യയിൽ ഇപ്പോൾ നിക്ഷേപം നടത്താൻ സന്നദ്ധമല്ലെന്നാണ് റിപ്പോർട്ട്. തുടർച്ചയായ രണ്ടാംപാദത്തിലും ടെസ്ലയുടെ വിൽപ്പനയിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽകൂടിയാണിത്. ടെസ്‌ലയ്ക്ക് പുതിയ നിക്ഷേപം നടത്തുന്നതിന് പരിമിതികൾ ഉണ്ടെന്നും അതുകൊണ്ട് ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന നീക്കത്തിൽ ഉറപ്പിലെന്നുമാണ് സൂചനകൾ.

ടെസ്‌ല സൈബർ ട്രക്ക് എന്ന മോഡൽ ഈ വർഷം വിപണിയിൽ എത്തിച്ചതിന് പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും, മെക്സികോയിൽ ഒരുക്കുമെന്ന് പ്രഖ്യാപിച്ച പ്ലാൻ്റിൻ്റെ നിർമാണത്തിൽ കാലതാമസം നേരിടുകയും ചെയ്യുന്നത് ടെസ്‌ലയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണെന്നാണ് വിലയിരുത്തലുകൾ. എന്നാൽ, ഇന്ത്യ നിക്ഷേപത്തെ കുറിച്ച് പ്രതികരിക്കാൻ ടെസ്ലയുടെ അധികൃതരും സർക്കാർ പ്രതിനിധികളും തയാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ടെസ്‌ലയുടെ മേധാവി ഇലോൺ മസ്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി ഇന്ത്യയിലെത്തുമെന്ന് അറിയിച്ചത്. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ഇന്ത്യ സന്ദർശനത്തിൽ നിന്നും പിന്മാറുന്നതായും അറിയിച്ചിരുന്നു. ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സന്ദർശനം നീട്ടിവെക്കുന്നതെന്നായിരുന്നു മസ്ക്ക് നൽകിയ വിശദീകരണം. ഈ വർഷം അവസാനത്തോടെ മോദിയെ കാണുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യ പുതിയ വൈദ്യുതി വാഹനനയം പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ 70 ശതമാനം മുതൽ 110 ശതമാനം വരെയായിരുന്നത് ആദ്യ അഞ്ച് വർഷത്തേക്ക് 15 ശതമാനമായാണ് കുറച്ചത്. എന്നാൽ, നിരവധി ഉപാധികളോടെയായിരുന്നു ഈ ഇളവുകൾ പ്രഖ്യാപിച്ചത്. ഈ നീക്കം ടെസ്‌ലയ്ക്ക് കാര്യമായ നേട്ടമുണ്ടാകുമെന്നായിരുന്നു പ്രഥമിക വിലയിരുത്തലുകൾ.

Top