ആക്രമണങ്ങൾക്കിടയിലും ഇറാന്റെ മിസൈൽ ശേഷി പുനർനിർമിക്കുന്നതായി റിപ്പോർട്ടുകൾ; റഷ്യൻ സഹായം നിർണ്ണായകമായി

അമേരിക്ക–ഇസ്രയേൽ ആക്രമണങ്ങളും ഉപരോധങ്ങളും ഇറാന്റെ മിസൈൽ ശേഷിയെ എത്രത്തോളം ബാധിച്ചു? ഭൂഗർഭ കേന്ദ്രങ്ങളും ആഭ്യന്തര ഉൽപാദന ശേഷിയും ഉപയോഗിച്ച് ഇറാൻ മിസൈൽ ശേഖരം പുനർനിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കൊപ്പം റഷ്യൻ സാങ്കേതിക സഹായങ്ങളും ചർച്ചയാകുന്നു. ഇറാന്റെ മിസൈൽ–ഡ്രോൺ തന്ത്രം, അമേരിക്കൻ സൈനിക താവളങ്ങൾക്കും നാവികസേനയ്ക്കുമുണ്ടാക്കുന്ന വെല്ലുവിളികൾ ശക്തമാണ്

ആക്രമണങ്ങൾക്കിടയിലും ഇറാന്റെ മിസൈൽ ശേഷി പുനർനിർമിക്കുന്നതായി റിപ്പോർട്ടുകൾ; റഷ്യൻ സഹായം നിർണ്ണായകമായി
ആക്രമണങ്ങൾക്കിടയിലും ഇറാന്റെ മിസൈൽ ശേഷി പുനർനിർമിക്കുന്നതായി റിപ്പോർട്ടുകൾ; റഷ്യൻ സഹായം നിർണ്ണായകമായി

പശ്ചിമേഷ്യയിലെ സംഘർഷം കൊണ്ട് എന്ത് നേട്ടമാണ് അമേരിക്കയ്ക്ക് ഉണ്ടായത് എന്ന ചോദ്യം ഉയരുമ്പോൾ അതിന് ഒരൊറ്റ ഉത്തരം മാത്രമാണ് പറയാനുള്ളത്. അത് അമേരിക്കയുടെ കൊമ്പ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പൊട്ടിച്ചു കളഞ്ഞു എന്നത് തന്നെയാണ്. പരമോന്നത നേതാവും സൈനിക ഉന്നതരും ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടും ഒറ്റക്കെട്ടായി നിന്ന് പൊരുതാനുള്ള സൈനികരുടെയും ഭരണകൂടത്തിൻ്റെയും ഇറാൻ ജനതയുടെയും പോരാട്ട വീര്യത്തിന് മുന്നിലാണ് അമേരിക്കയും ഇസ്രയേലും പകച്ച് പോയിരിക്കുന്നത്. ഒരു രാജ്യത്തിന് വേണ്ടി ഒരു ജനത ഒന്നാകെ പോരാട്ടത്തിന് തയ്യാറാകുന്ന അപൂർവ്വ കാഴ്ച തന്നെയാണിത്.

അമേരിക്കയ്ക്ക് നേരെ ഇത്തരം എന്തെങ്കിലും കടന്നാക്രമണം ഉണ്ടായാൽ അവിടുത്തെ ജനങ്ങൾ അവരുടെ രക്ഷയാണ് ആദ്യം നോക്കുക. ഇറാനിലെ പോലെ അമേരിക്കൻ പ്രസിഡൻ്റും സൈനിക ഉന്നതരും ഒറ്റയടിക്ക് കൊല്ലപ്പെട്ടാൽ പിന്നെ ആണവായുധം പ്രയോഗിക്കുക എന്നല്ലാതെ പോരാടി ജയിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമോ എന്നത് തന്നെ സംശയകരമാണ്. ഇറാനെ ആക്രമിക്കാൻ പുറപ്പെട്ട അമേരിക്കയുടെ വിമാനവാഹിനി കപ്പലിലെ സൈനികർ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത തന്നെ അവരുടെ സൈനികരുടെ മനോവീര്യം എത്രമാത്രമെന്നത് ലോകത്തിന് മുന്നിൽ ഇപ്പോൾ തുറന്ന് കാട്ടപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് ഇറാൻ സേനയെയും അവിടുത്തെ ജനങ്ങളെയും സല്യൂട്ട് ചെയ്ത് പോകുന്നത്.

ഇത് പുതിയ കാലമാണ് പുതിയ ആയുധങ്ങളും തന്ത്രങ്ങളും പരീക്ഷിക്കപ്പെടുന്ന കാലം കൂടിയാണിത്. ആണവായുധം ഉണ്ട് എന്നു കരുതിഅമേരിക്ക പൂർണ്ണമായും സുരക്ഷിതമാണ് എന്ന് കരുതരുത്. ഈ കാലത്ത് കയ്യിൽ ആണവായുധം വച്ച് ഇരിക്കാം എന്നല്ലാതെ അത് പ്രയോഗിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല. അതു കൊണ്ടാണ് വർഷങ്ങൾ പിന്നിട്ട് യുക്രൈയിൻ യുദ്ധം തുടർന്നിട്ടും റഷ്യ അവിടേക്ക് ആണവായുധം പ്രയോഗിക്കാതിരിക്കുന്നത്. ജപ്പാനിൽ പണ്ട് പ്രയോഗിച്ചത് പോലെ അമേരിക്ക സാഹസത്തിന് മുതിർന്നാൽ അമേരിക്കയിലും ആണവായുധം പ്രയോഗിക്കപ്പെടുവാൻ സാധ്യത ഏറെയാണ്. തലയ്ക്ക് വെളിവില്ലാത്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വെളിവില്ലങ്കിലും ഇക്കാര്യത്തിൽ അമേരിക്കൻ സൈനിക നേതൃത്വത്തിനും നാറ്റോ സഖ്യകക്ഷികൾക്കും നല്ല ബോധ്യമുണ്ട് എന്നതാണ് യാഥാർത്ഥ്യം. പുതിയ ശാക്തിക ചേരി ഇവിടെ ഉയർന്നു കഴിഞ്ഞു. അമേരിക്കയെ വെല്ലുവിളിക്കാനും അവരുടെ സൈനിക താവളങ്ങൾ ആക്രമിക്കാനുമുള്ള ഇറാന്റെ ആത്മവിശ്വാസത്തിന് പിന്നിൽ പുതിയ മിസൈൽ ആയുധശേഖരമാണ്. ഇതു സംബന്ധമായ റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ ഏഴു മാസത്തോളമായി തുടരുന്ന അമേരിക്ക-ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും ഒന്നും തന്നെ ഇറാന്റെ മിസൈൽ വ്യൂഹത്തെ പൂർണമായി തകർക്കാൻ സാധിച്ചിട്ടില്ലന്നാണ് ഈ റിപ്പോർട്ടികളിൽ പറയുന്നത്.

വ്യോമാക്രമണങ്ങളിൽ ഇറാന്റെ സൈനിക അടിത്തറയ്ക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഭീഷണിയായി ഇറാന്റെ മിസൈൽ ശേഖരം ഇന്നും അതേ കരുത്തോടെ തന്നെ നിലനിൽക്കുകയാണ്. മാത്രമല്ല, യുദ്ധത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മാരകവും അത്യാധുനികവുമായ ഒരു മിസൈൽ വ്യൂഹം വരുംദിവസങ്ങളിൽ നിർമിച്ചെടുക്കാനുള്ള പദ്ധതികളും ഇറാനിൽ സജീവമായി തന്നെ നടക്കുന്നുണ്ട്. ഇതിനു പൂർണ്ണ പിന്തുണ നൽകുന്നത് റഷ്യയാണെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യൻ യുദ്ധഭൂമിയിൽ നിന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളും പ്രസ്താവനകളും ഇറാന്റെ മിസൈൽശേഷിയുടെ പ്രതിഫലനമാണ്. “ഇനിയൊരു അധിനിവേശം ഉണ്ടായാൽ യുദ്ധത്തിന്റെ ഭൂമിശാസ്ത്രവും ഉപയോഗിക്കുന്ന ആയുധങ്ങളും ഞങ്ങൾ തീർച്ചയായും മാറ്റും,” എന്ന് സെപ്റ്റംബർ 21-ന്,ഇറാൻ സൈനിക വക്താവ് ഹൊസൈൻ മൊഹെബി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനു തൊട്ടുമുൻപ് അമേരിക്കൻ യുദ്ധക്കപ്പലിനെതിരെ വിജയകരമായി പരീക്ഷിച്ച പുതിയ മിസൈൽ ശേഷിയെക്കുറിച്ച് ഇറാന്റെ നാഷനൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്‌സെൻ റസായിയും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. 2025 മേയിൽ പുറത്തിറക്കിയ ‘കാസെം ബസീർ’ എന്ന സോളിഡ് ഫ്യുവൽ, മധ്യദൂര ബാലിസ്റ്റിക് മിസൈലിനെക്കുറിച്ചാണ് റസായി സൂചിപ്പിച്ചിരിക്കുന്നത്. ഇറാനിയൻ ഉദ്യോഗസ്ഥരുടെ ഈ അവകാശവാദങ്ങളിൽ വലിയൊരു പങ്ക് സത്യമുണ്ടെന്നാണ് അമേരിക്കയെ പിന്തുണയ്ക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പോലും സ്ഥിരീകരിക്കുന്നത്. ശക്തമായ വ്യോമാക്രമണങ്ങൾക്കിടയിലും നേരത്തേ സൂക്ഷിച്ചുവച്ച ഘടകഭാഗങ്ങൾ ഉപയോഗിച്ചും ഭൂഗർഭ താവളങ്ങളുടെ സഹായത്തോടെയും ഇറാൻ മിസൈൽ ഉൽപാദനം പുനരാരംഭിച്ചതായി സെപ്റ്റംബർ 10-ന് പ്രമുഖ അമേരിക്കൻ മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേർണലാണ്’ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ ശബ്ദത്തേക്കാൾ വേഗമുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിക്കാൻ റഷ്യ രഹസ്യമായി ഇറാനെ സഹായിക്കുന്നുണ്ടെന്ന് ‘ഫിനാൻഷ്യൽ ടൈംസും’ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്ക -ഇസ്രയേൽ ആക്രമണങ്ങൾക്ക് ഇറാന്റെ തന്ത്രപരമായ മിസൈൽ ശേഷിയെ അടിച്ചമർത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അത് കൂടുതൽ അത്യാധുനിക രൂപത്തിലേക്ക് പരിണമിക്കുകയാണോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്. റിസ്ക് ഇന്റലിജൻസ് കമ്പനിയായ റാനെയിലെ ആഗോള സുരക്ഷാ നിരീക്ഷകൻ ഫ്രെഡി ഖോയ്‌രിയുടെ അഭിപ്രായത്തിൽ പുനരാരംഭിച്ച മിസൈൽ ഉൽപാദനം വ്യക്തമാക്കുന്നത് വ്യോമാക്രമണങ്ങൾ ഇറാന്റെ ആയുധനിർമാണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തിയെങ്കിലും അവരുടെ തദ്ദേശീയ നിർമാണ ശേഷിയെ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. ചുരുങ്ങിയ ചെലവിൽ നിർമിക്കാവുന്ന ഹ്രസ്വദൂര മിസൈലുകളും അതോടൊപ്പം തന്ത്രപ്രധാനമായ മധ്യദൂര മിസൈലുകളും ഒരേസമയം ഉൽപാദിപ്പിക്കുന്ന ഒരു ‘മിക്സഡ് പ്രൊഡക്ഷൻ സ്ട്രാറ്റജി’യും ഇറാൻ നിലവിൽ സ്വീകരിച്ചിട്ടുണ്ട്.

‘ആർമ്ഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ & ഇവന്റ് ഡാറ്റ അനലിസ്റ്റായ സൽമ ഈസയുടെ അഭിപ്രായത്തിൽ ഇറാൻ ഇപ്പോൾ ചെയ്യുന്നത് “തീയ്ക്കുള്ളിൽ നിന്നുള്ള പുനർനിർമാണമാണ്”. ജൂലൈ മുതൽ ഇറാന്റെ പ്രമുഖ മിസൈൽ നിർമാണ കേന്ദ്രങ്ങളായ ജാം, ഖൊറമാബാദ്, പാർച്ചിൻ മിലിട്ടറി കോംപ്ലക്സ്, ഷിറാസ് ഇലക്ട്രോണിക്സ് സോൺ എന്നിവയ്ക്ക് നേരെ അമേരിക്ക തുടർച്ചയായി ആക്രമണം നടത്തുന്നുണ്ടെങ്കിലും, ഇതൊന്നും തന്നെ, ഇറാൻ്റെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ല. ഇരുതല മൂർച്ചയുള്ള പുനർനിർമാണ തന്ത്രം ഇറാന്റെ വരുംദിവസങ്ങളിലെ യുദ്ധതന്ത്രം പ്രധാനമായും രണ്ട് തലങ്ങളിലായിരിക്കും കേന്ദ്രീകരിക്കുക.

ഇതിൽ ഒന്നാമത്തേത് കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപാദനമാണ്. ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങളെ ആക്രമിക്കാൻ പാകത്തിലുള്ള ‘ഫത്തേ-110’ പോലെയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ചെലവുകുറഞ്ഞ ഡ്രോണുകളും വൻതോതിൽ നിർമിക്കാൻ ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ട്. രണ്ടാമത്തേത് സങ്കീർണമായ തന്ത്രപ്രധാന മിസൈലുകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇസ്രയേൽ വിദൂര അമേരിക്ക സൈനിക താവളങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് സങ്കീർണവും കൃത്യതയാർന്നതുമായ മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ പരിമിതമായ തോതിൽ നിർമിക്കുവാൻ ഇറാന് എളുപ്പത്തിൽ സാധിക്കും.

യുദ്ധം ഇറാനു വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചിട്ടുണ്ടെങ്കിലും പാശ്ചാത്യ വ്യോമപ്രതിരോധ സംവിധാനങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ശേഖരിക്കാൻ ഇതിലൂടെ ഇറാനു സാധിച്ചിട്ടുണ്ട്. ‘ഖെയ്ബർഷെക്കൻ’ പോലെയുള്ള മിസൈലുകളിൽ വരുത്തിയ മാറ്റങ്ങൾ ഇതിന് പ്രധാന ഉദാഹരണമാണ്. അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെ തകർത്ത് വ്യോമ താവളങ്ങൾ ചാമ്പലാക്കാൻ ഇറാൻ സേനക്ക് നിലവിൽ കഴിഞ്ഞിട്ടുണ്ട്.

അടുത്തതായി പറയാനുള്ളത് , ഇറാൻ്റെ റഷ്യൻ ബന്ധവും ഡ്രോൺ സാങ്കേതികവിദ്യയെ കുറിച്ചുമാണ്. ഇറാന്റെ മിസൈൽ-ഡ്രോൺ ശേഖരത്തെ കൂടുതൽ ശക്തമാക്കുന്നതിൽ റഷ്യൻ സഹായം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇറാൻ ഡിസൈൻ ചെയ്ത ‘ഷാഹെദ്-131’, ‘136’ പ്രൊപ്പല്ലർ ഡ്രോണുകൾ, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വൻതോതിൽ ഉപയോഗിക്കുകയും അവയിൽ വലിയ സാങ്കേതിക തിരുത്തലുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യൻ സൈന്യം പരിഷ്കരിച്ച ഈ പുതിയ തലമുറ ‘ഗെരാൻ’ ഡ്രോണുകൾ തങ്ങൾക്ക് വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇത് കുടി യുദ്ധമുഖത്ത് ഇറങ്ങുന്നത് അമേരിക്കൻ ചേരിയുടെ ചങ്കിടിപ്പിക്കും. ഇതിനുപുറമേ റഷ്യൻ നിർമിത ‘റാംജെറ്റ്’ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ ലഭിക്കുകയാണെങ്കിൽ കൂടുതൽ അപകടകാരികളായ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഭാവിയിൽ വികസിപ്പിക്കാൻ ഇറാനു കഴിയും.

സെപ്റ്റംബറിൽ ജോർദാനിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കേവലം 20 ഇറാനിയൻ മിസൈലുകളെ പ്രതിരോധിക്കാൻ അമേരിക്ക ഉപയോഗിച്ചത് 60-ലധികം പാട്രിയറ്റ് മിസൈലുകളും ഡസനിലധികം താഡ് മിസൈലുകളുമാണ്. സാമ്പത്തികമായും ആയുധശേഖരത്തിന്റെ കാര്യത്തിലും ശത്രുക്കൾക്ക് വൻ നഷ്ടം വരുത്താൻ ഇറാൻ മിസൈലുകൾക്ക് സാധിക്കുന്നുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.അമേരിക്കൻ യുദ്ധക്കപ്പലുകൾക്കും വിമാനവാഹിനി കപ്പലുകൾക്കും പേടി സ്വപ്നമായും ഇറാൻ മിസൈലുകൾ മാറി കഴിഞ്ഞിട്ടുണ്ട്. ചലിക്കുന്ന ഒരു യുദ്ധക്കപ്പലിനെ കണ്ടെത്തി ട്രാക്ക് ചെയ്ത് റഡാർ പ്രതിരോധങ്ങളെ മറികടന്ന് കൃത്യമായി ആക്രമിക്കുവാൻ റഷ്യയുടെ സഹായമാണ് ഇറാന് ലഭിച്ചിരിക്കുന്നത്. റഷ്യൻ ചാര ഉപഗ്രഹങ്ങളുടെ സഹായം ഇതിനകം തന്നെ അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. ശത്രുവിൻ്റെ ആക്രമണങ്ങൾ മുൻകൂട്ടി കണ്ട് മിസൈൽ ഉൽപാദന സൗകര്യങ്ങൾ ഭൂഗർഭ അറകളിലേക്ക് പൂർണമായി തന്നെ ഇറാൻ ഇപ്പോൾ മാറ്റി കഴിഞ്ഞിരിക്കുകയാണ്. ഇതും അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇതിനിടെ ഇറാൻ പിന്തുണയുള്ള യെമൻ വിമതർയെമനിലെ നിർണ്ണായക തുറമുഖങ്ങൾ പിടിച്ചെടുത്തതും ചെങ്കടലിൽ ആധിപത്യം ഉറപ്പിച്ചതും അമേരിക്കയ്ക്ക് ഇരട്ട പ്രഹരമായിട്ടുണ്ട്. തങ്ങളുടെ കപ്പലുകളെ ആക്രമിക്കരുത് എന്ന് വിമതരോട് ആവശ്യപ്പെടേണ്ട ഗതികേടാണ് ഇപ്പോൾ അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത്. യെമൻ വിമതർ ഇത്തരം ഒരു നീക്കം നടത്തിയത് ഇറാൻ്റെ തന്ത്രപരമായ നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top