എൽ. മുരുകൻ മന്ത്രിസ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്! കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന

തമിഴ്‌നാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിനായി മന്ത്രിസഭാ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും രാജ്യസഭാംഗത്വം രാജിവെക്കാൻ അനുമതി നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുരുകൻ അഭ്യർഥിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

എൽ. മുരുകൻ മന്ത്രിസ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്! കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന
എൽ. മുരുകൻ മന്ത്രിസ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്! കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന

ഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കിടെ കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചതായി റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് വിവരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെയും സഹമന്ത്രിയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിനായി മന്ത്രിസഭാ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും രാജ്യസഭാംഗത്വം രാജിവെക്കാൻ അനുമതി നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുരുകൻ അഭ്യർഥിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരത മാതാവിനെയും തമിഴ്‌നാടിനെയും സേവിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ദിവസവേതനക്കാരന്റെ മകനായ തനിക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണെന്നും അദ്ദേഹം കുറിച്ചു.

Also Read: പാലക്കാട് മൂലത്തറയിൽ ഭിക്ഷക്കാരനെ തല്ലിക്കൊന്നു! സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, അഞ്ചുപേർ കസ്റ്റഡിയിൽ

അതേസമയം, കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടനയുണ്ടാകുമെന്നാണ് സൂചന. ദീപാവലിക്ക് മുമ്പ് പ്രഖ്യാപനമുണ്ടായേക്കാമെന്നും മന്ത്രിസഭയിൽ ആറോളം ഒഴിവുകൾ വരാൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നേരത്തെ രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും ജോർജ് കുര്യനും രാജിവെച്ചിരുന്നു. രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ഹർദീപ് സിങ് പുരിക്കും ബി.എൽ. വർമയ്ക്കും ബി.ജെ.പി. വീണ്ടും അവസരം നൽകിയിരുന്നില്ല.

ഡൽഹി ബി.ജെ.പി. അധ്യക്ഷനായി ചുമതലയേറ്റ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയ്ക്കും പാർട്ടിയുടെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയത്തിന്റെ ഭാഗമായി മന്ത്രിസഭയിൽനിന്ന് മാറേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഊഴം ആരംഭിച്ചതിനുശേഷം കഴിഞ്ഞ രണ്ടര വർഷത്തിനിടെ കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടന നടന്നിട്ടില്ല. അതിനാൽ എൽ. മുരുകന്റെ രാജിയും പുതിയ പുനഃസംഘടനാ സൂചനകളും കേന്ദ്ര സർക്കാരിലെ അടുത്ത മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിസഭയിലെ മാറ്റങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയവൃത്തങ്ങൾ.

Share Email
Top