റിപ്പോർട്ടർ ചാനലിൽ പൊലീസ് റെയ്ഡ് നടത്തിയിട്ടും ആ ചാനലിൻ്റെ ഉടമയെ അറസ്റ്റ് ചെയ്ത് വാർത്താ പ്രളയം സൃഷ്ടിച്ചിട്ടും യൂട്യൂബ് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ തന്നെയാണ് നമ്പർ വൺ ആയി ഇപ്പോഴും തുടരുന്നത്. യൂട്യൂബ് ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിൽ മറ്റ് എല്ലാ ചാനലുകളേക്കാളും പല മടങ്ങ് ഇരട്ടിയാണ് റിപ്പോർട്ടർ ചാനലിൻ്റെ വ്യൂവേഴ്സ് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
സെപ്റ്റംബർ 17 നട്ടുച്ചയ്ക്ക് പോലും റിപ്പോർട്ടർ ചാനൽ ലൈവായി കാണുന്നത് 17,157 പേരാണ്. ഏഷ്യാനെറ്റിലെ ഈ സമയത്തെ കാഴ്ചക്കാർ 12,485 മാത്രമാണ്. 24 ന്യൂസിൻ്റെ കണക്ക് പറഞ്ഞാൽ അത് 7, 067 പേരാണ്. മനോരമ ന്യൂസ് 8754 പേരും , മാതൃഭൂമി 3,962 പേരുമാണ് ലൈവായി കണ്ടിരിക്കുന്നത്. ന്യൂസ് മലയാളം 24 ലേക്ക് വന്നാൽ, അവിടെയും സ്ഥിതി പിറകോട്ടാണ്. 1, 107 പേരാന്ന് ഈ ചാനൽ ഈ സമയത്ത് കണ്ടിരിക്കുന്നത്. മീഡിയ വണ്ണിലെ ലൈവ് കാഴ്ചക്കാർ 4,218 ഉം , ജനം ടി വിയുടേത് 2,931 ഉം ആണ്. കൈരളിയുടേത് വെറും 2114 പേരാണ് എന്നതും നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്. ഈ കണക്കുകൾ പല സമയങ്ങൾക്ക് അനുസരിച്ച് മാറി മറിഞ്ഞ് കൊണ്ടിരിക്കുമെങ്കിലും ഒന്നാം സ്ഥാനത്ത് റിപ്പോർട്ടർ ചാനൽ തന്നെയാണ് തുടരുന്നത്.
ടെലിവിഷൻ റേറ്റിങ് താൽക്കാലികമായി നിർത്തി വെക്കാൻ ഇന്ത്യയിലെ ഏക ടെലിവിഷൻ പ്രേക്ഷക റേറ്റിങ് ഏജൻസിയായ ബാർക്കിന് കേന്ദ്ര സർക്കാർ നിർദ്ദേശമുള്ളതിനാൽ ചാനലുകളുടെ പ്രകടനവും പരസ്യ മൂല്യവും വിലയിരുത്താൻ ബ്രോഡ്കാസ്റ്റർമാരും പരസ്യദാതാക്കളും ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്. ഇവിടെയാണ് വാർത്താ ചാനലുകളുടെ വിഭാഗത്തിൽ റിപ്പോർട്ടർ ചാനൽ ഇപ്പോഴും കുതിപ്പ് തുടരുന്നത്. ബാർക്ക് റേറ്റിങ് ഉണ്ടായിരുന്ന സമയത്തും പലതവണ ഏഷ്യാനെറ്റിനെ മറികടന്ന് റിപ്പോർട്ടർ ചാനൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. പിന്നീട് ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് തിരിച്ചു പിടിച്ചെങ്കിലും, അത് അവർ ആഘോഷിക്കും മുൻപ് തന്നെ, ബാർക്കിന് മേൽ കേന്ദ്രത്തിൻ്റെ പൂട്ട് വീണിരുന്നു.

യൂട്യൂബിലെ ഇപ്പോഴത്തെ പ്രകടനം വച്ച് നോക്കിയാൽ ബാർക്ക് റേറ്റിങ് പുനസ്ഥാപിക്കപ്പെട്ടാലും ഒന്നാം സ്ഥാനത്ത് വരാൻ സാധ്യത റിപ്പോർട്ടർ ചാനൽ തന്നെയാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. യഥാർത്ഥത്തിൽ, റിപ്പോർട്ടർ ചാനലിൻ്റെ ഈ കുതിപ്പ് തന്നെയാണ് മെസി വിവാദത്തിന് പിന്നിലെ പകയുടെയും അടിസ്ഥാനം. മെസിയെ പോലുള്ള, ലോകത്തിലെ ഒന്നാം നമ്പർ താരത്തെ റിപ്പോർട്ടർ ചാനൽ മാനേജ്മെൻ്റ് മുൻകൈ എടുത്ത് കൊണ്ടു വന്നാൽ അത് എത്രമാത്രം തങ്ങൾക്ക് ക്ഷീണം ചെയ്യുമെന്നത് മറ്റ് വാർത്താ മാധ്യമങ്ങൾക്ക് എല്ലാം തന്നെ കൃത്യമായി അറിയാമായിരുന്നു. അതു കൊണ്ട് തന്നെ മെസി വരരുത് എന്ന് ആഗ്രഹിച്ചവരിൽ ഈ വിഭാഗവും പെടുമെന്നതും ഉറപ്പാണ്.
മെസി വിവാദവുമായി ബന്ധപ്പെട്ട കേസും മദ്യ കേസും ഉൾപ്പെടെ എടുത്തിട്ട് ചാർത്തി റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തിട്ട് പോലും ആ ചാനലിലെ ജീവനക്കാരുടെയും മാധ്യമ പ്രവർത്തകരുടെയും ആത്മവിശ്വാസത്തെ തകർക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ഇതിനകം തന്നെ വ്യക്തമായിട്ടുള്ള കാര്യമാണ്. അതിനുള്ള റിസൾട്ട് കൂടിയാണ് യൂട്യൂബ് ലൈവിലും ഇപ്പോൾ ദൃശ്യമാകുന്നത്. റിപ്പോർട്ടർ ചാനലിൻ്റെ മുൻ നിരയിൽ ഉണ്ടായിരുന്ന ഒരു മിടുക്കിയായ മാധ്യമ പ്രവർത്തകയും വലിയ ഒരു സംഘവും റിപ്പോർട്ടർ ചാനലിനോട് ഗുഡ് ബൈ പറഞ്ഞ് മറ്റൊരു ചാനൽ തുടങ്ങിയത് സമീപ കാലത്താണ്. എന്നിട്ട് പോലും, റിപ്പോർട്ടർ ചാനലിൻ്റെ പ്രക്ഷക പിന്തുണയെ അത് കാര്യമായി ബാധിച്ചിരുന്നില്ല എന്നതു കൂടി ഈ ഒരു ഘട്ടത്തിൽ നാം ഓർക്കേണ്ട കാര്യമാണ്.
അതേസമയം മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായുള്ള അടുപ്പവും ഇപ്പോൾ മറ നീക്കി പുറത്ത് വന്നിട്ടുണ്ട്. പോലീസിന് എവിടെവേണമെങ്കിലും കയറാം, ഫോൺ പിടിച്ചുവെയ്ക്കുകയും ചെയ്യാം എന്നാണ് റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്.
സുരേഷ് ഗോപി ഇപ്പോഴും പഴയ കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ്റെ ഹാങ് ഓവറിലാണ് ഉള്ളത് എന്നത് ഈ പ്രതികരണത്തിൽ നിന്നു തന്നെ വ്യക്തമാണ്. അതു കൊണ്ടാണ് ഇങ്ങനെയൊക്കെ വിളിച്ച് പറയുന്നത്. മാധ്യമപ്രവർത്തകരും രാജ്യത്തെ സാധാരണ പൗരന്മാരാണെന്നും പോലീസിന് എവിടെവേണമെങ്കിലും കയറുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാദത്തിന് ഒരു തിരുത്തുണ്ട്.
ഒരു മാധ്യമ സ്ഥാപനത്തിൻ കയറുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയുണ്ട്. അത് റിപ്പോർട്ടർ ചാനലിലെ റെയ്ഡിൽ പൊലീസ് പാലിച്ചിട്ടില്ല. അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർ എന്ത് തെറ്റ് ചെയ്തിട്ടാണ് അവരുടെ പ്രവർത്തനം പൊലീസ് തടസ്സപ്പെടുത്തിയത് എന്നതിന് സുരേഷ് ഗോപി മറുപടി പറയണം. എംഡിയുമായി ബന്ധപ്പെട്ട കേസിൽ നിയമപരമായ കാര്യങ്ങൾ എംഡിയുമായി നേരിട്ടാണ് പൊലീസ് നടത്തേണ്ടത്. അതല്ലാതെ മാധ്യമ പ്രവർത്തകരെ അവർ ജോലി ചെയ്യുന്ന സീറ്റുകളിൽ നിന്നും എഴുന്നേൽപ്പിച്ച് വിട്ടും മൊബൈൽ ഫോൺ വാങ്ങിവച്ചുമല്ല നടപടി സ്വീകരിക്കേണ്ടത്.
കേരളത്തിൽ ഏറ്റവും അധികം പേർ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനമാണ് റിപ്പോർട്ടർ ചാനൽ. അവിടെ ഉള്ളവരെ എല്ലാവരെയും പ്രതികൂട്ടിൽ നിർത്തുന്ന നിലപാടിനോട് എന്തായാലും യോജിക്കാൻ പറ്റുകയില്ല. സാധാരണക്കാരനായ പൗരന്റെ വീട്ടിൽ കയറുമ്പോൾ പോലീസ് മുറ്റത്ത് മാത്രം നിൽക്കാറില്ലെന്നും ഫോൺ അടക്കം വാങ്ങിവെക്കാറുണ്ടെന്നും പറയുന്ന സുരേഷ് ഗോപി ജനം ടിവിയിൽ ഇതുപോലെ ഒരു നടപടി പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതും നമുക്ക് ഊഹിക്കാവുന്നതേയൊള്ളൂ.
‘നിങ്ങൾ ആരാണ്? നിങ്ങളും പൗരന്മാരാണ് എന്ന് മാധ്യമ പ്രവർത്തകരോട് പറയുന്ന ഈ സുരേഷ് ഗോപിയും എന്താണ് എന്നതും എന്തൊക്കെയാണ് അദ്ദേഹം കാട്ടികൂട്ടിയത് എന്നതും നമുക്കെല്ലാം അറിയാമല്ലോ? അതു കൊണ്ട് കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്. ഈ പറയുന്ന സുരേഷ് ഗോപിയും റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ ആഗസ്റ്റിനും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ആൻ്റോയെ എക്സൈസ് പൊക്കിയപ്പോൾ നിമിഷ നേരം കൊണ്ടാണ് സുരേഷ് ഗോപി തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇതു തന്നെയാണ് അവസരവാദ രാഷ്ട്രീയം.
വിഡി സതീശൻ്റെ ഭരണത്തിന് 100 മാർക്കാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. സതീശനെ കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണ് സുരേഷ് ഗോപിക്കുള്ളത്. ഈ സ്നേഹത്തിൻ്റെ അടിസ്ഥാനം എന്താണ് എന്നതും രാഷ്ട്രിയ കേരളം ചർച്ച ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് ബിജെപി-ആർഎസ്എസ് നേതാക്കളോടുള്ള മുഖ്യമന്ത്രി വിഡി സതീശൻ്റെ അടുപ്പവും പിഎംശ്രീ പദ്ധതി കേരളത്തിൽ എന്തായാലും നടപ്പാക്കുമെന്ന പ്രഖ്യാപനവും എല്ലാം ചേർത്ത് വായിക്കുമ്പോൾ സുരേഷ് ഗോപി ഇങ്ങനെ ന്യായീകരിച്ചില്ലങ്കിലല്ലേ അത്ഭുതപ്പെടേണ്ടത് ?
EXPRESS VIEW
വീഡിയോ കാണാം…






