കൽപറ്റ: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2024ല്‍ മാത്രം 41425 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്. വിവിധ സംഭവങ്ങളിലായി 768 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇന്റര്‍നെറ്റ് സുരക്ഷാ ദിനാചാരണത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം കലക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് നൽകിയ ബോധവത്കരണ ക്ലാസിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. നെറ്റ് ബാങ്കിങ് കുറ്റകൃത്യങ്ങളിലകപ്പെട്ട് നിരവധി പേര് ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ സൈബർ മേഖല കൈകാര്യം ചെയ്യുമ്പേൾ കൂടുതൽ ജാഗ്രത വേണമെന്ന് പരിപാടിയിൽ ചൂണ്ടിക്കാട്ടി.
വൈഫൈ വഴിയുള്ള ഫ്രീ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബസ്-റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായ ചാര്‍ജിങ് സേവനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കണം. സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ പണം നഷ്ടമായവര്‍ ആദ്യ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന സൈബര്‍ ക്രൈം എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ട് തുക കൈമാറിയവരുടെയും പണം നഷ്ടപ്പെട്ടവരുടെയും ബാങ്ക് വിവരം, പണം കൈമാറിയ വിവരം എന്നിവ സൈബര്‍ പൊലീസിന് കൈമാറിയാല്‍ തുക തടഞ്ഞുവെക്കാന്‍ സാധിക്കും.
Also Read: ‘മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തു’; പകരം സ്മാര്‍ട്ട് ഗ്ലാസുകള്‍ കളം പിടിക്കുമെന്ന് സക്കര്‍ബര്‍ഗ്
അതേസമയം കോളേജ് വിദ്യാർഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, സിം കാര്‍ഡ് എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന പ്രവണത വളരെ കൂടുതലാണ്. ഇതൊഴിവാക്കാൻ രക്ഷിതാക്കള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, സൈബര്‍ പൊലീസ്, കെ.എസ്.ഐ.ടി.എം, ഐ.ടി സെല്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.