ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും ആം ആദ്മി പാർട്ടിയുടെ ശരാശരി ഭൂരിപക്ഷം ബി.ജെ.പിയെക്കാളും കൂടുതലെന്ന് റിപ്പോർട്ട്. മൊത്തം വോട്ട് വിഹിതത്തിൽ ബി.ജെ.പിയേക്കാൾ രണ്ട് ശതമാനം മാത്രം പിന്നിലാണ് എ.എ.പി. 48 സീറ്റുകളിൽ വിജയിച്ച ബി.ജെ.പിയുടെ ശരാശരി വോട്ട് 14,725 ആണ്. എ.എ.പിയുടെ വിജയം 22 സീറ്റുകളിലൊതുങ്ങിയെങ്കിലും ശരാശരി ഭൂരിപക്ഷം 17,054 ആണ്. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകളിൽ വിജയിച്ചപ്പോൾ ബി.ജെ.പിയുടെ ഭൂരിപക്ഷ വോട്ടുകളുടെ എണ്ണം 12,271 ആയിരുന്നു. 62 സീറ്റുകളിൽ വിജയിച്ച എ.എ.പിയുടെത് 22,076. 2020നും 2025നുമിടയിൽ ബി.ജെ.പിയുടെ വോട്ട് ശരാശരിയിൽ 2500 ഓളം വർധിച്ചതായി കാണാം.
അതേസമയം, പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത 12 സീറ്റുകളിൽ എട്ടെണ്ണത്തിലും എ.എ.പിയാണ് വിജയിച്ചത്. നാലിടങ്ങളിൽ മാത്രം വിജയിച്ച ബി.ജെ.പിക്ക് 12,755 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. 2020ൽ 12 പട്ടിക ജാതി സീറ്റുകളും എ.എ.പി നേടിയിരുന്നു. 76,702 വോട്ടുകൾ ശരാശരി നേടിയായിരുന്നു ഓരോ സീറ്റിലെയും വിജയം. ശരാശരി ഭൂരിപക്ഷം 29,133 ആയിരുന്നു. ഇക്കുറി ഓരോ സീറ്റിലെയും പാർട്ടിയുടെ ഭൂരിപക്ഷ ശരാശരി 14000മായി താഴ്ന്നു. എ.എ.പിക്ക് വോട്ട് ചെയ്യാത്തവരുടെ വോട്ടുകൾ ഇക്കുറി ബി.ജെ.പിയിലേക്ക് മാത്രമല്ല, കോൺഗ്രസിലേക്ക് കൂടി പോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Also Read: വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ
2020ൽ പട്ടിക ജാതി സീറ്റുകളിൽ കോൺഗ്രസിന്റെ വോട്ട് ശരാശരി 5276 ആയിരുന്നു. ഇക്കുറി അത് 9045 ആയി വർധിച്ചു. അതുപോലെ മുസ്‍ലിം ഭൂരിപക്ഷ മേഖലകളിലെ 10 സീറ്റുകളിൽ ഏഴെണ്ണം 26,371 വോട്ടുകളുടെ ശരാശരി ഭൂരിപക്ഷത്തിൽ എ.എ.പി വിജയിച്ചു. മൂന്ന് സീറ്റുകളിൽ മാത്രം വിജയിച്ച ബി.ജെ.പിയുടെ ഭൂരിപക്ഷം ശരാശരി 10,223 വോട്ട് മാത്രം. 2020ൽ ഇവിടെ ഒമ്പതു സീറ്റുകളിൽ 41,904 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ.എ.പി വിജയിച്ചത്. 77,699 ആയിരുന്നു വോട്ട് വിഹിതം. കഴിഞ്ഞ തവണ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗാന്ധി നഗർ മാത്രമാണ് ബി.ജെ.പിക്ക് കിട്ടിയത്.
ഡൽഹിയിലെ ഗ്രാമീണ മേഖലയിൽ 18 നിയമസഭ സീറ്റുകളുണ്ട്. അവശേഷിക്കുന്ന 52 നാഗരിക മണ്ഡലങ്ങളിൽ ബി.ജെ.പി ഇത്തവണ 35 എണ്ണത്തിൽ 13,668 വോട്ടുകളുടെ ഭൂരിപക്ഷ ശരാശരിയിൽ വിജയിച്ചു. 2020ൽ 45 ഗ്രാമീണ സീറ്റുകളിൽ 22,076 വോട്ട് ശരാശരിയിലായിരുന്നു എ.എ.പി വിജയിച്ചത്. അവശേഷിക്കുന്ന സീറ്റുകളിൽ 12,271 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പിയുടെ വിജയം. 2020നും 2025നുമിടയിൽ നഗരസീറ്റുകളിൽ എ.എ.പിയുടെ ശരാശരി വോട്ടുകൾ 83,564 ൽ നിന്ന് 72,006ലേക്ക് കുറഞ്ഞു. അതേസമയം ബി.ജെ.പിയുടെത് 63,414ൽ നിന്ന് 79,158 ആയി വർധിച്ചു. 7259ൽ നിന്ന് 11,735ലേക്ക് കോൺഗ്രസും നില മെച്ചപ്പെടുത്തി