ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി; മൂന്ന് കുട്ടികൾ മരിച്ചു, അതീവ ജാഗ്രത

സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്

ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി; മൂന്ന് കുട്ടികൾ മരിച്ചു, അതീവ ജാഗ്രത
ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി; മൂന്ന് കുട്ടികൾ മരിച്ചു, അതീവ ജാഗ്രത

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വീണ്ടും ഭീതി പടർത്തുന്നു. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾ രോഗബാധയെത്തുടർന്ന് മരിച്ചു. സബർകാന്ത ജില്ലയിലെ ഹിമത് നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസ്സുകാരനാണ് ഒടുവിൽ മരിച്ചത്. രോഗം ബാധിച്ച അഞ്ചോളം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ ഗ്രാമപ്രദേശങ്ങളിൽ വീടുകൾ തോറും കയറി പരിശോധന നടത്തുന്നുണ്ട്. കടുത്ത പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. 2024 ജൂലൈ മാസത്തിലും ഗുജറാത്തിൽ വൈറസ് ബാധയിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.

എന്താണ് ചാന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. പ്രധാനമായും ഒൻപതു മാസം മുതൽ പതിനാല് വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് ഈ വൈറസ് ലക്ഷ്യമിടുന്നത്. കൊതുകുകൾ, ചെള്ളുകൾ, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് രോഗം പടരുന്നത്. മഴക്കാലത്താണ് ഈ വൈറസ് കൂടുതൽ സജീവമാകുന്നത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Also Read:ഡൽഹിയിൽ കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ലക്ഷണങ്ങളും ചികിത്സയും

കടുത്ത പനി, ശരീരവേദന, തലവേദന എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. അണുബാധ വഷളാകുമ്പോൾ ചുഴലി, എൻസെഫലൈറ്റിസ് (മസ്തിഷ്കവീക്കം) എന്നിവയ്ക്കും സാധ്യതയുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നത് മരണസാധ്യത വർധിപ്പിക്കുന്നു. ഈ വൈറസ് ബാധയ്‌ക്കെതിരെ വാക്സിനുകളോ പ്രത്യേക ആന്റിറെട്രോവൈറൽ മരുന്നുകളോ നിലവിലില്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകി വരുന്നത്. പെട്ടെന്ന് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ ഉറപ്പാക്കുക മാത്രമാണ് പ്രതിരോധമാർഗ്ഗം.

1965-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചാന്ദിപുരയിൽ ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് വൈറസിന് ഈ പേര് ലഭിച്ചത്. 2003-04 കാലഘട്ടത്തിൽ ഇന്ത്യയിൽ പലയിടത്തായി വലിയ തോതിൽ വ്യാപനം ഉണ്ടായിരുന്ന വൈറസ്, അന്ന് മുന്നൂറിലേറെ കുട്ടികളുടെ ജീവനാണ് കവർന്നത്.

Share Email
Top