2026 ജൂലൈ 12 ഞായറാഴ്ച, രാജ്യത്തെ പെട്രോൾ, ഡീസൽ, സിഎൻജി വിലകളിൽ മാറ്റമില്ല. എല്ലാ ദിവസവും രാവിലെ 6 മണിക്ക് എണ്ണ വിപണന കമ്പനികൾ ഇന്ധന വില പുനർനിർണ്ണയിക്കാറുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 0.2 ശതമാനം ഉയർന്ന് 76.47 ഡോളറിലെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക വിപണിയിൽ നിലനിൽക്കുന്നുണ്ടെങ്കിലും, വില താരതമ്യേന സ്ഥിരതയാർജിച്ചിരിക്കുകയാണ്.
പെട്രോൾ വിലയിൽ ഹൈദരാബാദാണ് മുന്നിൽ, ലിറ്ററിന് 115.69 രൂപ. തിരുവനന്തപുരത്ത് ലിറ്ററിന് 115.49 രൂപയുമാണ് വില. ഏറ്റവും കുറഞ്ഞ പെട്രോൾ വില ചണ്ഡീഗഡിലാണ്, ലിറ്ററിന് 98.10 രൂപ. ലഖ്‌നൗ (102.05 രൂപ), ന്യൂഡൽഹി (102.12 രൂപ) എന്നിവിടങ്ങളിൽ താരതമ്യേന കുറഞ്ഞ നിരക്കിലാണ് പെട്രോൾ ലഭിക്കുന്നത്. ഡീസൽ വിലയിൽ തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന വില, ലിറ്ററിന് 104.40 രൂപ. ഹൈദരാബാദിൽ ഇത് 103.82 രൂപയാണ്. ചണ്ഡീഗഡിലാണ് ഏറ്റവും കുറഞ്ഞ ഡീസൽ വിലയുള്ളത്, ലിറ്ററിന് 86.09 രൂപ.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്ന സാഹചര്യത്തിൽ, എണ്ണ വിപണന കമ്പനികൾ അടുത്തിടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 7.5 രൂപ വർദ്ധിപ്പിച്ചിരുന്നു. കൂടാതെ, ഡീസലിന്റെയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും (എടിഎഫ്) കയറ്റുമതി തീരുവയിൽ സർക്കാർ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
ഗാർഹിക എൽപിജി വിലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി വർദ്ധനവുണ്ടായി. ജൂൺ 7-ന് വരുത്തിയ 29 രൂപയുടെ വർദ്ധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വില 942 രൂപയായി. ജൂൺ 1 മുതൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 42 രൂപയുടെ വർദ്ധന വരുത്തി, ഡൽഹിയിൽ വില 3,113.50 രൂപയായി ഉയർന്നു. മുംബൈയിൽ സിഎൻജി വില കിലോയ്ക്ക് 2 രൂപ വർദ്ധിച്ച് 86 രൂപയിലും, ഗാർഹിക പിഎൻജി വില സ്റ്റാൻഡേർഡ് ക്യൂബിറ്റ് മീറ്ററിന് 50 പൈസ വർദ്ധിച്ച് 52 രൂപയിലുമാണ് ഇപ്പോൾ എത്തിനിൽക്കുന്നത്.






