മദ്യപ്രേമികൾക്ക് ആശ്വാസം; ഇന്ത്യ-ബ്രിട്ടൻ കരാറിലൂടെ സ്കോച്ച് വിസ്‌കിയുടെ വിലയിൽ വൻ ഇടിവിന് സാധ്യത!

വിസ്‌കിയുടെയും ജിന്നിന്റെയും നിലവിലെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതാണ് പ്രധാന മാറ്റം

മദ്യപ്രേമികൾക്ക് ആശ്വാസം; ഇന്ത്യ-ബ്രിട്ടൻ കരാറിലൂടെ സ്കോച്ച് വിസ്‌കിയുടെ വിലയിൽ വൻ ഇടിവിന് സാധ്യത!
മദ്യപ്രേമികൾക്ക് ആശ്വാസം; ഇന്ത്യ-ബ്രിട്ടൻ കരാറിലൂടെ സ്കോച്ച് വിസ്‌കിയുടെ വിലയിൽ വൻ ഇടിവിന് സാധ്യത!

ന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഈ മാസം 15-ന് പ്രാബല്യത്തിൽ വരുന്നതോടെ വിദേശ മദ്യത്തിന്റെ വിലയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ മദ്യപ്രേമികൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്. വിസ്‌കിയുടെയും ജിന്നിന്റെയും നിലവിലെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതാണ് പ്രധാന മാറ്റം. പത്താം വർഷത്തോടെ ഇത് 40 ശതമാനമായി കുറയും.

ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുണ്ടെങ്കിലും, വിപണിയിൽ പെട്ടെന്നൊരു വലിയ വിലക്കുറവ് ഉപഭോക്താക്കൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മദ്യത്തിന്റെ അന്തിമവിലയിൽ ഇറക്കുമതി തീരുവ ഒരു ചെറിയ ഭാഗം മാത്രമാണ്. സംസ്ഥാന എക്‌സൈസ് ഡ്യൂട്ടി, വാറ്റ്, വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാർക്കറ്റിംഗ് തുടങ്ങിയ ചെലവുകൾ വിലയുടെ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തും നികുതി ഘടന വ്യത്യസ്തമായതിനാൽ, വിലക്കുറവ് എല്ലായിടത്തും ഒരേപോലെ ആയിരിക്കില്ല.

Also Read:ലോകത്തിന്റെ സോളാർ ഹബ്ബായി ഇന്ത്യ; ചൈനയുടെ നിഴലിൽ നിന്ന് പുറത്തുകടക്കാൻ നമുക്ക് സാധിക്കുമോ?

പ്രത്യേകിച്ച് സ്കോട്ട്ലൻഡിൽ നിർമ്മിച്ച് ലേബൽ ചെയ്ത് കുപ്പിയിലാക്കി ഇറക്കുമതി ചെയ്യുന്ന ‘ബോട്ടിൽഡ്-ഇൻ-ഒറിജിൻ’ സ്‌കോച്ച് വിസ്‌കികൾക്കാണ് ഈ കരാറിലൂടെ കൂടുതൽ വിലക്കുറവ് ലഭിക്കുക. ബൾക്കായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വെച്ച് കുപ്പിയിലാക്കുന്നവയിൽ കാര്യമായ മാറ്റമുണ്ടാകില്ല. എങ്കിലും, സ്‌കോച്ച് വിസ്‌കികളിൽ 5 മുതൽ 10 ശതമാനം വരെ വിലക്കുറവ് തുടക്കത്തിൽ ഉണ്ടായേക്കാം. ഉദാഹരണത്തിന്, 3,888 രൂപ വിലയുള്ള 750 മില്ലിലീറ്റർ ജോണി വാക്കർ ബ്ലാക്ക് ലേബൽ അല്ലെങ്കിൽ ഷിവാസ് റീഗൽ പോലുള്ള ബ്രാൻഡുകൾക്ക് 194 മുതൽ 389 രൂപ വരെ ലാഭിക്കാൻ സാധിച്ചേക്കും.

പുതിയ എം.ആർ.പി രജിസ്റ്റർ ചെയ്യുന്നതിനും പഴയ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനും സമയം എടുക്കുന്നതിനാൽ, ഈ വിലക്കുറവ് കടകളിൽ പ്രകടമാകാൻ ആറുമാസം മുതൽ ഒരു വർഷം വരെ സമയമെടുക്കും. അതിനാൽ, ബ്രിട്ടീഷ് മദ്യത്തിന്റെ വിലയിൽ മാറ്റങ്ങൾ വരാൻ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടി വരും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top