യുഎഇയിൽ ശമ്പളം, തൊഴിൽ കരാർ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഇനി അതിവേഗം പരിഹാരമാകും. ഈ വർഷം ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1,88,274 തൊഴിൽ പരാതികളിൽ 98.6 ശതമാനവും (1,85,793 കേസുകൾ) സൗഹാർദപരമായി ഒത്തുതീർപ്പാക്കാൻ മാനവ വിഭവശേഷി മന്ത്രാലയത്തിന് സാധിച്ചു. ആകെ ലഭിച്ചവയിൽ 1.4 ശതമാനം കേസുകൾ മാത്രമാണ് കോടതികളുടെ പരിഗണനയ്ക്കായി മാറ്റിയത്.
തൊഴിലാളികൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50,000 ദിർഹം വരെയുള്ള പരാതികളിൽ നേരിട്ട് തീരുമാനമെടുക്കാനുള്ള അധികാരം നിലവിൽ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. നീണ്ട നിയമനടപടികൾ ഒഴിവാക്കാനും കോടതികളുടെ ജോലിഭാരം കുറയ്ക്കാനും അർഹമായ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് വേഗത്തിൽ ലഭ്യമാക്കാനും ഈ പുതിയ സംവിധാനം ഏറെ സഹായിക്കുന്നുണ്ട്.
ശമ്പള വിതരണത്തിലുണ്ടാകുന്ന കാലതാമസങ്ങളാണ് ഭൂരിഭാഗം തർക്കങ്ങൾക്കും പ്രധാന കാരണമാകുന്നത്. ഇത് തടയുന്നതിനായി നവീകരിച്ച വേതന സുരക്ഷാ സംവിധാനവും ഡിജിറ്റൽ സേവനങ്ങളും മന്ത്രാലയം ഏകോപിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ശമ്പള വീഴ്ചകൾ നേരത്തെ കണ്ടെത്തി, പ്രശ്നങ്ങൾ വലിയ നിയമ തർക്കങ്ങളായി മാറുന്നതിന് മുൻപ് തന്നെ പരിഹരിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.






