വെര്‍ച്വല്‍ ക്യു പാസ് ഉള്ളവര്‍ക്ക് കരിമല പാതയില്‍ പ്രവേശനം

14ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയാണ് ദീപാരാധനയും അത്താഴപൂജയും

വെര്‍ച്വല്‍ ക്യു പാസ് ഉള്ളവര്‍ക്ക് കരിമല പാതയില്‍ പ്രവേശനം
വെര്‍ച്വല്‍ ക്യു പാസ് ഉള്ളവര്‍ക്ക് കരിമല പാതയില്‍ പ്രവേശനം

ശബരിമല: കരിമല വഴിയുള്ള കാനന പാതയില്‍ തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. വെര്‍ച്വല്‍ ക്യു പാസ് കൈവശമുള്ള തീര്‍ഥാടകരെ കരിമല പാതയിലൂടെ കടത്തി വിടും. ഇന്ന് മുതല്‍ 14 വരെ തിരക്കു നിയന്ത്രണത്തിനായി കരിമല കാനന പാതയിലൂടെ അമ്പലപ്പുഴ, ആലങ്ങാട് സംഘത്തെ അല്ലാതെ ആരെയും കടത്തിവിടില്ലെന്നായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്.

പന്തളത്തുനിന്ന് നാളെ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയാണ് ദീപാരാധനയും അത്താഴപൂജയും. 15 മുതല്‍ 17 വരെ ഉച്ചപൂജയ്ക്കാണ് തിരുവാഭരണം ചാര്‍ത്തുന്നത്. ഈ ദിവസങ്ങളില്‍ അത്താഴപൂജയും ഹരിവരാസനവും കഴിയുന്നതു വരെ തിരുവാഭരണം ചാര്‍ത്തി ദര്‍ശനം ലഭിക്കും. ഇതിനായി 14 മുതല്‍ 17 വരെ പുഷ്പാഭിഷേകം ഒഴിവാക്കി.

മകരവിളക്കു കാലത്തെ ആധ്യാത്മിക സാംസ്‌കാരിക വേദിയായ പമ്പാ സംഗമം നാളെ വൈകിട്ട് 4ന് പമ്പാ മണപ്പുറത്തെ പന്തലില്‍ നടക്കും. മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷനായിരിക്കും. നടന്‍ ജയറാം മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 6ന് പമ്പാതീരത്ത് വിശിഷ്ടാതിഥികളും തീര്‍ഥാടകരും ചേര്‍ന്നു പമ്പാ ദീപവും തെളിയിക്കും.

Share Email
Top