തിരുവനന്തപുരം: വയനാട്ടില്‍ പുനരധിവാസം മുടങ്ങിയത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രം നല്‍കിയ 860 കോടി രൂപ ട്രഷറിയില്‍ ഉണ്ടായിട്ടും ദുരന്തബാധിതര്‍ക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച രേഖകള്‍ പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് കെ.സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയില്‍ 150 കോടി രൂപ അനുവദിച്ചതും എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാന്‍ അനുവദിച്ചതും സര്‍ക്കാര്‍ മറച്ചുവെച്ചു.
എയര്‍ ലിഫ്റ്റിങ്ങ്, അവിശിഷ്ടങ്ങള്‍ നീക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനം നല്‍കിയ പിഡിഎന്‍എ റിപ്പോര്‍ട്ട് പരിശോധിച്ച് വയനാടിന് അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നുറപ്പാണ്. ഉപതിരഞ്ഞെടുപ്പ് ഫലം രണ്ട് മുന്നണികള്‍ക്കുമുള്ള താക്കീതാണ്. ചേലക്കരയില്‍ ഇടതുപക്ഷത്തിന് കുറഞ്ഞ വോട്ടുകള്‍ എന്‍ഡിഎക്കാണ് ലഭിച്ചത്. വയനാട്ടില്‍ പ്രിയങ്ക മത്സരിച്ചിട്ടും പോളിംഗ് കുറഞ്ഞത് കേരളത്തില്‍ ചര്‍ച്ചയായില്ല. പാര്‍ട്ടിയെ തകര്‍ക്കാനുള്ള എല്ലാ ആസൂത്രിതമായ ശ്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.