തിരുവനന്തപുരം: കെഎസ്ഇബിക്കെതിരെ കടുത്ത വിമര്‍ശനവുമായി റെഗുലേറ്ററി കമ്മീഷന്‍. 2023-24 സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അംഗീകരിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച തെളിവെടുപ്പിലാണ് കെഎസ്ഇബിക്കെതിരെ വിമര്‍ശനം.
വൈദ്യുതി വാങ്ങല്‍, അധികമുള്ളപ്പോള്‍ വില്‍ക്കല്‍ എന്നിവയിലെ രീതികളോട് വിയോജിച്ച കമ്മീഷന്‍, ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കാനും കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. ഉല്‍പാദന മേഖലയിലടക്കം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത് ബാധ്യത വര്‍ധിപ്പിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Also Read: വടക്കന്‍ കേരളത്തില്‍ താപനില ഉയരാന്‍ സാധ്യത; തെക്കന്‍, മധ്യ കേരളത്തില്‍ മഴയ്ക്ക് സാധ്യത
മലപ്പുറം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ആവശ്യാനുസരം വൈദ്യുതി എത്തിക്കാനാവുന്നില്ല. പദ്ധതി നിര്‍വഹണത്തല്‍ ഏകോപനമില്ല. വാങ്ങുന്ന വൈദ്യുതി വിതരണം ചെയ്യാനാവുന്നില്ലെന്നത് ഗൗരവമുള്ളതാണ്. ചോദിക്കുന്ന പല വിവരങ്ങളിലും കൃത്യമായ മറുപടികള്‍ സമര്‍പ്പിക്കുന്നില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. അഭ്യന്തര വൈദ്യുതി ഉല്‍പാദനത്തിലും കുറവുണ്ടായി.
നഷ്ടമുണ്ടാക്കുന്ന വിധം വൈദ്യുതി വാങ്ങല്‍, വില്‍ക്കല്‍ തുടങ്ങിയവയില്‍ തീരുമാനമെടുക്കുന്നതാരാണെന്നും കമ്മീഷന്‍ ചോദിച്ചു, തെറ്റായ തീരുമാനങ്ങളെടുത്തത് കോര്‍ ഗ്രൂപ്പാണോ ഏതെങ്കിലും വ്യക്തിയാണോ എന്നും ഇത്തരം തീരുമാനങ്ങള്‍ക്ക് മിനിറ്റ്‌സ് ഉണ്ടോയെന്നും കമ്മീഷന്‍ ചോദിച്ചപ്പോള്‍ കോര്‍ കമ്മിറ്റിയുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ മറുപടി.