ചൈനയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം; സ്റ്റേറ്റ് സീക്രട്സ് നിയമം പരിഷ്‌കരിച്ചു

ചൈനയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം; സ്റ്റേറ്റ് സീക്രട്സ് നിയമം പരിഷ്‌കരിച്ചു

ന്റര്‍നെറ്റ് കമ്പനികള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങളുമായി ചൈനീസ് ഭരണകൂടം. പ്ലാറ്റ്ഫോമുകളില്‍ ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള രഹസ്യാത്മക വിവരങ്ങള്‍ ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത് തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് സീക്രട്സ് നിയമം സര്‍ക്കാര്‍ പരിഷ്‌കരിച്ചു.

ഇതോടെ രാജ്യവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കള്‍ പങ്കുവെച്ചാല്‍ കമ്പനികള്‍ അതിവേഗം നടപടി സ്വീകരിക്കേണ്ടതായി വരും. നെറ്റ് വര്‍ക്ക് സേവനദാതാക്കളും ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കണം. ടെന്‍സെന്റ്, ബൈറ്റ്ഡാന്‍സ് വെയ്ബോ പോലുള്ള കമ്പനികള്‍ക്ക് ഈ നിയമം ബാധകമാണ്. പോസ്റ്റുകള്‍ എങ്ങനെ നീക്കം ചെയ്യണമെന്നും, വിവരങ്ങള്‍ സൂക്ഷിക്കണമെന്നും, അധികൃതരെ എങ്ങനെ അറിയിക്കണമെന്നുമെല്ലാം പുതിയ നിയമങ്ങള്‍ വിശദമാക്കുന്നുണ്ട്.

പുതിയ യുഗത്തിലെ വെല്ലുവിളികളും പുതിയ പ്രശ്നങ്ങളും നേരിടുന്നതിനായി രാജ്യത്തിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് നാഷണല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റേറ്റ് സീക്രട്സ് പ്രൊട്ടക്ഷന്‍ പ്രതിനിധി ഫെബ്രുവരിയില്‍ നിയമപരിഷ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ തന്നെ ചൈനയിലെ ഇന്റര്‍നെറ്റ് കമ്പനികളെല്ലാം കര്‍ശന നിയമങ്ങള്‍ക്ക് വിധേയമായാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. പുതിയ ചട്ടങ്ങള്‍ വരുന്നതോടെ കമ്പനികള്‍ ഉള്ളടക്ക നിരീക്ഷണം ശക്തമാക്കാനും അതിവേഗം നടപടി സ്വീകരിക്കാനും നിര്‍ബന്ധിതരാവും.

വിദേശ ലേഖകര്‍ ഉള്‍പ്പടെയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് പ്രശ്നമുണ്ടാക്കുന്ന തൊഴില്‍ രഹസ്യങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തന്ത്രപ്രധാനമായ വിവരങ്ങളുടെ ഗണത്തില്‍ പെടും. എങ്കിലും സര്‍ക്കാരിനെ സംബന്ധിച്ച രഹസ്യം ഏതെന്ന് കണ്ടെത്തുകയെങ്ങനെയെന്ന ആശങ്കയിലാണ് കമ്പനികള്‍. അതില്‍ അനിശ്ചിതത്വമുണ്ടെന്നും അതില്‍ വ്യക്തത വരുത്തണമെന്നും യൂറോപ്യന്‍ യൂണിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഇന്‍ ചൈനയുടെ പ്രസിഡന്റ് ജെന്‍സ് എസ്‌ക് ലന്‍ഡ് പറഞ്ഞു. ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്നാരോപിച്ച് ബൈറ്റ്ഡാന്‍സിന്റെ ടിക് ടോക്ക് ആപ്പിന് യുഎസില്‍ നിരോധന ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവ വികാസം എന്നതും ശ്രദ്ധേയമാണ്.

Top