മലയാളികൾ എന്നല്ല, മനുഷ്യരായി പിറന്ന ഒരാളും, ഓർക്കാൻ ഇഷ്ടപ്പെടാത്ത സംഭവമാണ് 2002ലെ ഗുജറാത്ത് കലാപം. ആ കലാപത്തിൻ്റെ തുടക്കവും ഒടുക്കവും എല്ലാം, ജനമനസ്സുകളിൽ അത്രമാത്രം ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിച്ചിരുന്നത്. ആ മുറിവുകളിൽ വീണ്ടും മുളക് പുരട്ടി അതിനെ വിൽപ്പന ചരക്കാക്കി മാറ്റാനാണ് എമ്പുരാൻ എന്ന സിനിമയിലൂടെ സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളീ ഗോപിയും ശ്രമിച്ചിരിക്കുന്നത്. അതാകട്ടെ വ്യക്തവുമാണ്. എമ്പുരാൻ എന്ന സിനിമ കണ്ട എല്ലാവർക്കും , കല്ലുകടിയായും അനവസരത്തിലുള്ളതുമായും തോന്നിപ്പോകുന്ന ദൃശ്യമാണ് 2002-ലെ ആ കലാപത്തീ.
എമ്പുരാനിലൂടെ തിരക്കഥാകൃത്ത് പറയാൻ ശ്രമിച്ച അന്താരാഷ്ട്ര മാഫിയകഥയ്ക്ക്, തിയറ്ററുകളിലേക്ക് ആളെക്കൂട്ടാൻ കഴിയുമോ എന്ന സംശയം ഉള്ളതിനാലാണ്, മനപൂർവ്വം ഇത്തരം വർഗ്ഗീയത പടർത്തുന്ന സീനുകൾ സൃഷ്ടിച്ചതെന്ന വിമർശനം, ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
മോഹൻലാൽ ഒരു സംഘപരിവാർ അനുകൂലിയായി ചിത്രീകരിക്കപ്പെടുന്നതിനാൽ, ബി.ജെ.പി – ആർ.എസ്.എസ് അനുഭാവികൾ ഫിക്സഡ് ഡെപ്പോസിറ്റു പോലെ എമ്പുരാൻ കാണാൻ തിയറ്ററുകളിലെത്തി കൊള്ളുമെന്നും, മറുഭാഗത്തുള്ളവരെ ആകർഷിക്കാൻ ചില ‘ചെപ്പടി വിദ്യകൾ’ തിരക്കഥയിൽ കാണിച്ചാൽ മതിയാകുമെന്നുമാണ് തിരക്കഥാ കൃത്ത് കരുതിയിട്ടുണ്ടാകുക. അതിന് ഏറ്റവും എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുന്ന വർഗ്ഗീയത എന്ന ‘ആയുധം’ തന്നെയാണ് അദ്ദേഹം പ്രയോഗിച്ചിരിക്കുന്നത്. രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാലാപ കാലത്തെ, സിനിമയിൽ തൻ്റെ യുക്തിക്ക് അനുസൃതമായി തിരക്കഥാകൃത്ത് കുത്തിക്കയറ്റുക വഴി ശക്തമായ പ്രതിഷേധമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്.
Also Read: റിലീസിന് പിന്നാലെ ‘എമ്പുരാന്റെ’ വ്യാജ പതിപ്പ്; നടപടിയുമായി സൈബര്‍ പൊലീസ്
മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതുന്ന വമ്പൻ വിജയത്തിലേക്ക് എമ്പുരാനെ കൊണ്ടു പോകാൻ തിരക്കഥയിൽ ഉൾപ്പെടുത്തിയ ആ കലാപ തീ, ഇപ്പോൾ വിവാദ തീയായി പടർന്നിരിക്കുകയാണ്. എമ്പുരാന് എതിരെ വലിയ രൂപത്തിലുള്ള ക്യാംപയിനാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. ഈ പ്രചരണത്തിന് പിന്നിൽ പ്രധാനമായും സംഘപരിവാർ അനുകൂലികളാണെങ്കിലും, ഒരുകക്ഷി രാഷ്ട്രീയത്തിൻ്റെയും ഭാഗമല്ലാത്തവരും എമ്പുരാന് എതിരായ തങ്ങളുടെ അഭിപ്രായങ്ങളുമായി പ്രതികരിച്ച് ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്. ഇതാകട്ടെ, എമ്പുരാൻ്റെ അണിയറ പ്രവർത്തകരുടെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്നതുമാണ്.
സംഘപരിവാർ സംഘടനകളും നേതാക്കളും സിനിമയ്ക്ക് എതിരെ രംഗത്ത് വരുമെന്നും, അപ്പോൾ മറുവിഭാഗം സിനിമ കാണാൻ ഒഴുകിയെത്തുമെന്നുമുള്ള കണക്കു കൂട്ടലിലാണ്, മുരളീ ഗോപി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പ്രിഥ്വിരാജിൻ്റെ പൂർണ്ണ പിന്തുണയുമുണ്ടായിരുന്നു. 2002-ലെ കലാപ ദൃശ്യങ്ങൾ, 2025-ൽ ഇതുപോലെ ആവിഷ്ക്കരിച്ചാൽ, അതിനെതിരെ വലിയ പ്രതിഷേധം ഉയരുമെന്ന് തിരിച്ചറിയാനുള്ള കൃത്യമായ രാഷ്ട്രീയ ബോധമൊക്കെ, ഭരത് ഗോപിയുടെ മകനായ മുരളീ ഗോപിക്കും സുകുമാരൻ്റെ മകനായ പ്രിഥ്വിരാജിനുമുണ്ട്. യഥാർത്ഥത്തിൽ ഇവർ രണ്ടു പേരും ചേർന്നൊരുക്കിയ ‘കെണിയിൽ വീണുപോയിരിക്കുന്നതിപ്പോൾ ‘ മോഹൻലാലാണ്.
Also Read: അമേരിക്കയെ അടുപ്പിക്കാതെ ഇറാൻ, നേരിട്ടുള്ള ഒരു ചർച്ചക്കും താൽപര്യമില്ലെന്ന് മറുപടി കത്ത്

കാരണം, ഇപ്പോഴത്തെ വിവാദങ്ങളിൽ മോഹൻലാലിന് എതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇത്തരമൊരു തിരക്കഥയിൽ അഭിനയിക്കുന്നതിന് മുൻപ് ലാൽ ജാഗ്രത കാണിക്കണമായിരുന്നു എന്നാണ്, അദ്ദേഹത്തിന് എതിരെ ഉയരുന്ന വിമർശനം. ജനമനസ്സുകളിൽ വിഭാഗീയത പടർത്തുന്ന സന്ദേശം നൽകുന്ന സിനിമയിൽ നായകനായി അഭിനയിച്ചതിനാൽ, കേന്ദ്രം നൽകിയ ലെഫ്റ്റനൻ്റ് കേണൽ പദവി മോഹൻലാലിൽ നിന്നും എടുത്ത് കളയണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പിടിമുറുക്കിയാൽ, ലാലിൻ്റെ കേണൽ പദവി ആ നിമിഷം തന്നെ തെറിക്കും.
ബി.ജെ.പി നേതാവ് എം.ടി രമേശ് സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ജെ. നന്ദകുമാർ ഉൾപ്പെടെയുളള മുതിർന്ന സംഘപരിവാർ നേതാക്കൾ എമ്പുരാന് എതിരായി കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘപരിവാർ അനുഭാവികളും ഈ നിലപാടിനൊപ്പം അണിചേർന്ന കാഴ്ചയാണ് നിലവിൽ സോഷ്യൽ മീഡിയകളിൽ ദൃശ്യമാകുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടീം എമ്പുരാൻ്റെ ശില്പികളുടെ അജണ്ട ഒരു പരിധിവരെ ഇപ്പോൾ ഏറ്റിട്ടുണ്ട്. എമ്പുരാൻ ദേശീയ തലത്തിൽ തന്നെ നിലവിൽ വിവാദമായി കഴിഞ്ഞു. ഇനി ഇതിൻ്റെ റിസൾട്ട് തിയറ്ററുകളിൽ നിന്നും പണമായി നിർമ്മാതാവിൻ്റെ പോക്കറ്റിൽ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. ഏകദേശം 180 കോടി രൂപയാണ് എമ്പുരാൻ തിയറ്ററുകളിൽ എത്താൻ ചിലവായിരിക്കുന്നത് എന്നാണ് പ്രചരിക്കുന്ന കണക്കുകൾ.
Also Read: പലസ്തീന്‍ അനുകൂലികളെ ഒറ്റിക്കൊടുത്ത് ഇസ്രയേലിനെ വളര്‍ത്തുന്ന ബീറ്റാര്‍ യുഎസ്

സംഘപരിവാർ സംഘടനകൾ എതിർത്തു എന്നത് കൊണ്ടു മാത്രം, എമ്പുരാൻ സിനിമ കണ്ട് കളയാം, പ്രോത്സാഹിപ്പിച്ച് കളയാം എന്നൊക്കെ, ഏതെങ്കിലും പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരോ, സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരോ തയ്യാറാകുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തായാലും തോന്നുന്നില്ല. കാരണം, 2002 ലെ കലാപത്തിലെ ചില ദൃശ്യങ്ങൾ എമ്പുരാനിൽ കാണിച്ചത്, ഏതെങ്കിലും മതവിഭാഗത്തോട് സ്നേഹമോ സഹതാപമോ ഉള്ളതു കൊണ്ടല്ല, മറിച്ച് അത് സിനിമയുടെ അണിയറ പ്രവർത്തകരുടെ ഒരു സ്ട്രാറ്റജി മാത്രമാണെന്നത് , സിനിമ കണ്ടവർക്കും കേട്ടറിഞ്ഞവർക്കും ഏതാണ്ട് മനസ്സിലായി കഴിഞ്ഞിട്ടുണ്ട്.
മാത്രമല്ല, ഒരു സിനിമ എന്ന നിലയിൽ തന്നെ, ഒരുപാട് പിഴവുകൾ ഒള്ള സിനിമയാണ് എമ്പുരാൻ. പുറത്തിറങ്ങും മുൻപ് മാധ്യമങ്ങളും, സോഷ്യൽ മീഡിയകളും മഹാസംഭവമാക്കി കൊട്ടിഘോഷിച്ച എമ്പുരാൻ്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ, ഈ സിനിമയെ കുറിച്ച് ശരാശരി അഭിപ്രായം മാത്രമാണ് ഏറെയും പുറത്ത് വന്നിരുന്നത്. കറുത്ത വസ്ത്രം ധരിച്ച് സംഘടിതമായി തിയറ്ററുകളിൽ എത്തിയ മോഹൻലാലിൻ്റെ ആരാധകരാണ് അധികവും ആവേശ തള്ളിച്ച കാണിച്ചിരുന്നത്. ഇത് ചാനലുകളുടെ ലൈവ് പ്രതികരണങ്ങളിലും ദൃശ്യമായിരുന്നു.
എമ്പുരാനിലൂടെ മലയാള സിനിമയുടെ മാർക്കറ്റിങ് തന്ത്രത്തിൽ പുതിയ ചരിത്രമെഴുതിയ സംവിധായകൻ്റെ കണക്ക് കൂട്ടൽ ഇവിടെയും പിഴച്ചിട്ടുണ്ട്. യഥാർത്ഥ പ്രതികരണം ഏതാണ്, ഫാൻസിൻ്റെ പ്രതികരണം ഏതാണ് എന്നൊക്കെ വേർതിരിച്ച് മനസ്സിലാക്കാൻ, ലാലിൻ്റെ ആരാധകർ കറുത്ത വസ്ത്രങ്ങളുമായി എത്തിയതുമൂലം പൊതു സമൂഹത്തിന് എളുപ്പത്തിൽ സാധിച്ചിട്ടുണ്ട്. ഇത് ആരുടെ ബുദ്ധി ആയാലും പാളിപ്പോയി എന്നാണ്, മോഹൻലാലിൻ്റെ അടുപ്പക്കാർ പോലും ഇപ്പോൾ ചുണ്ടിക്കാട്ടുന്നത്.
Also Read: യുദ്ധത്തിന്റെ തത്രപ്പാടില്‍ നാറ്റോ രാജ്യങ്ങള്‍, പേടിക്കണ്ട ഒന്നും ചെയ്യില്ലെന്ന് റഷ്യ
സിനിമയുമായി ബന്ധപ്പെട്ട വിവാദം, എന്ത് ഫലമാണ് എമ്പുരാന് ഉണ്ടാക്കുക എന്നത് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. റിലീസിൻ്റെ അവസാന നിമിഷം പ്രധാന നിർമ്മാണ ചുമതല വഹിച്ചിരുന്ന ലൈക്ക പ്രൊഡക്ഷൻസ് പിൻമാറിയതിനു പിന്നിൽ പോലും, വിവാദം പേടിച്ചിട്ടാണെന്ന സംശയവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. സംഘപരിവാറും കേന്ദ്രസർക്കാരും എതിരായാൽ, വലിയ തിരിച്ചടി വീണ്ടും തൻ്റെ ബിസനസ്സ് സാമ്രാജ്യത്തിന് ഉണ്ടാകുമെന്ന് ലൈക്ക പോലും ഭയന്നിട്ടുണ്ടെങ്കിൽ അവരെ ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തായാലും കുറ്റപ്പെടുത്താൻ സാധിക്കുകയില്ല.
കാരണം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാർട്ടൂണിലൂടെ പരിഹസിച്ചു എന്ന ഒറ്റ കാരണത്താൽ, പ്രമുഖ തമിഴ് മാധ്യമമായ വികടൻ്റെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ, ഇപ്പോൾ തന്നെ, ഇ.ഡി നടത്തിയ റെയ്ഡ് ഉയർത്തിയ പ്രതിസന്ധിയിൽപ്പെട്ട് വെട്ടിലായ ലൈക്ക പ്രൊഡക്ഷൻസിന് വീണ്ടുമൊരു തിരിച്ചടി താങ്ങാൻ കഴിഞ്ഞെന്നുവരില്ല.
ഇക്കാര്യത്തിൽ ഇനി ഭയക്കേണ്ടത് യഥാർത്ഥത്തിൽ ഗോകുലം ഗോപാലനാണ്. ലൈക്ക പിൻമാറിയപ്പോൾ ചാടിക്കയറി വൻതുകനൽകി എമ്പുരാൻ പുറത്തിറങ്ങാൻ സഹായിച്ചതും നിർമ്മാണ പങ്കാളിയായതും ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസാണ്. കേന്ദ്ര സർക്കാരും ബി.ജെ.പിയും ഗോകുലം ഗ്രൂപ്പിനോട് പക പോക്കാൻ ഇറങ്ങിയാൽ, ഗോകുലം ഗോപാലനെയും അദ്ദേഹത്തിൻ്റെ ബിസിനസ്സ് സാമ്രാജ്യത്വയും അത് സാരമായി ബാധിക്കും. എസ്.എൻ.ഡി.പി യോഗവുമായുള്ള ഭിന്നതയുടെ പേരിൽ വെള്ളാപ്പള്ളി നടേശനുമായി ശത്രുതയുള്ള ഗോകുലം ഗോപാലനെ പൂട്ടാൻ, ‘എമ്പുരാനെ ‘ വെള്ളാപ്പള്ളിമാർ ആയുധമാക്കിയാലും അത്ഭുതപ്പെടാനില്ല.
Also Read: സംയുക്ത നീക്കവും, ലോകവ്യാപകമായി അണി നിരക്കലും, രണ്ടും കല്‍പ്പിച്ച് അറബ് രാജ്യങ്ങള്‍

മാത്രമല്ല, എമ്പുരാനിൽ 2002-ലെ കലാപം ചിത്രീകരിച്ചതിനാൽ, ഒടി.ടിയിൽ ഈ സിനിമയ്ക്ക് വിലക്ക് വരാനുള്ള സാധ്യതയും ഏറെയാണ്. വയലൻസ് കൂടി എന്ന ഒറ്റ കാരണത്താൽ മാർക്കോ സിനിമയ്ക്ക് ഒടിടിയിൽ റെഡ് സിഗ്നൽ ഉയർത്തപ്പെട്ടതിനാൽ, സ്വാഭാവികമായും കലാപം ചിത്രീകരിച്ച സിനിമയുടെ കാര്യം പറയേണ്ടതില്ലല്ലോ? ഒടിടിയിൽ മാത്രമല്ല സാറ്റ്ലൈറ്റിന്റെ കാര്യത്തിലും ഇതും എമ്പുരാന് ഒരു തിരിച്ചടിയുണ്ടാകാൻ തന്നെയാണ് സാധ്യത.
അതേസമയം, എമ്പുരാൻ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്ന ബിനീഷ് കോടിയേരിയുടെ നടപടി, സി.പി.എം നേതൃത്വത്തിന് ദഹിച്ചിട്ടില്ലന്ന സൂചനയും ഇപ്പോൾ പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്.
“എമ്പുരാൻ’ സിനിമയുടെ പ്രമേയത്തിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയം പറയാൻ ചില്ലറ ധൈര്യം പോരെന്നാണ് നടൻ ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയിൽ കാണിക്കുന്ന ചില കാര്യങ്ങൾ പച്ചയ്ക്കാണ് പറയുന്നതെന്നും, അതിനു ധൈര്യം കാണിച്ച എമ്പുരാൻ സിനിമയുടെ അണിയറക്കാർക്ക് അഭിനന്ദനങ്ങളെന്നുമാണ് ബിനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ഈ പ്രതികരണം പോലും മുൻകൂട്ടി പ്ലാൻ ചെയ്ത് പോസ്റ്റ് ചെയ്ത പ്രതികരണമായാണ് ഇടതുകേന്ദ്രങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെയും അപഹസിക്കുന്ന എമ്പുരാനിൽ. കോൺഗ്രസ്സിലെ മക്കൾ രാഷ്ട്രീയത്തെയും പിന്തുടർച്ചാ രാഷ്ട്രീയത്തെയുമാണ് പോത്സാഹിപ്പിക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ തന്നെ തിരക്കഥാകൃത്ത് ചെലുത്തിയിട്ടുമുണ്ട്. ഇതെല്ലാം ഇടതു മനസ്സുകളെ സിനിമയിൽ നിന്നും അകറ്റുമെന്ന് കണ്ടാണ്, തന്ത്രപരമായി ബിനീഷ് കോടിയേരിയെ കൊണ്ട്, ഗുജറാത്ത് കലാപ വിഷയം സൂചിപ്പിച്ച് പോസ്റ്റ് ഇടുവിച്ചതെന്നാണ് വിമർശനമുയർന്നിരിക്കുന്നത്.
‘‘ഇന്നത്തെ ഇന്ത്യയിൽ ഒരു ബിഗ് ബജറ്റ് പടം സംഘപരിവാർ ഗുജറാത്തിൽ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിൽ, അതിൽ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് പച്ചയ്ക്ക് പറയുന്നുണ്ടെങ്കിൽ അതിന് ചില്ലറ ധൈര്യം പോരെന്നും ബിനീഷ് ചൂണ്ടിക്കാട്ടുകയുണ്ടായി.
ബിനീഷ് കോടിയേരി ചൂണ്ടിക്കാട്ടിയ ഗുജറാത്ത് കലാപ വിഷയത്തിൽ സി.പി.എം അണികൾക്ക് മറിച്ചൊരു അഭിപ്രായം ഇല്ലെങ്കിലും, സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബജ്റംഗി നേതാവ്, കൊല്ലപ്പെടുന്നതിന് മുൻപ്, തന്നെ എന്തിനാണ് വധിക്കുന്നതെന്ന് നായക കഥാപാത്രത്തോട് ചോദിക്കുമ്പോൾ, 2002 ഓർമ്മപ്പെടുത്താൻ കഴിയാത്തത് ഭയന്നിട്ടല്ലേ എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്.

Also Read: കുടിയേറ്റവും, താരിഫ് നയവും തിരിച്ചടിയാകും, അമേരിക്ക സാമ്പത്തിക വരള്‍ച്ച നേരിടുമെന്ന് മുന്നറിയിപ്പ്
പരസ്പരം പാരവയ്പ്പും അധികാരത്തിന് വേണ്ടിയുള്ള തമ്മിലടിയും ദേശ ദ്രോഹ പ്രവർത്തനവും ഒക്കെ ഉണ്ടെങ്കിലും വലതുപക്ഷ രാഷ്ട്രീയത്തെ, പ്രത്യേകിച്ച് കോൺഗ്രസ്സ് രാഷ്ട്രീയത്തെ മഹത്വവൽക്കരിക്കാനാണ് എമ്പുരാനിൽ തിരക്കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും മോശമായി ചിത്രീകരിക്കുന്ന എമ്പുരാൻ സിനിമയുടെ മാർക്കറ്റിങ് ടൂൾ ആയി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ മാറുന്നത് ശരിയല്ലെന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിനുമുള്ളത്. അവരത് പരസ്യമായി പറയുന്നില്ലന്നു മാത്രം.
മാത്രമല്ല, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന രാഷ്ട്രീയ സിനിമയിലൂടെ പിണറായി വിജയനെ ലക്ഷ്യമിട്ട മുരളീ ഗോപി തന്നെയാണ് എമ്പുരാൻ്റെയും തിരക്കഥാകൃത്ത് എന്നതിനാൽ, വിവാദങ്ങളിലൂടെ വിളവെടുപ്പ് നടത്താനുള്ള പുതിയ കച്ചവട താൽപ്പര്യത്തെയും ആ രൂപത്തിൽ തന്നെയാണ് സി.പി.എം നേതൃത്വം നോക്കി കാണുന്നത്.
വീഡിയോ കാണാം…