ഫുട്ബോൾ മൈതാനത്തെ തർക്കങ്ങളും കൈയാങ്കളികളും പുതിയ സംഭവമല്ലെങ്കിലും, ബ്രസീലിലെ ഒരു പ്രാദേശിക മത്സരത്തിൽ റഫറി പുറത്തെടുത്തത് മുക്കാൽ നൂറ്റാണ്ടോളം വരുന്ന റെഡ് കാർഡുകൾ! അണ്ടർ-20 കാംപിയോനാറ്റോ മിനെയ്‌റോ സെക്കൻഡ് ഡിവിഷൻ സെമിഫൈനൽ പോരാട്ടത്തിനിടെയാണ് റഫറി 51 തവണ ചുവപ്പു കാർഡ് കാട്ടിയത്. ഇതോടെ ഒരു ഫുട്ബോൾ മത്സരത്തിൽ ഏറ്റവും കൂടുതൽ റെഡ് കാർഡുകൾ നൽകിയതിന്റെ പുതിയ ഗിന്നസ് റെക്കോഡും പിറന്നു.
മിനാസ് ഗെറൈസിലെ എസ്റ്റാഡിയോ പാർക്ക് ദൊ സാബിയ സ്റ്റേഡിയത്തിൽ ആതിഥേയരായ ഉബർലാൻഡിയയും മമോറെയും തമ്മിൽ നടക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. മത്സരത്തിന്റെ 54-ാം മിനിറ്റിൽ മമോറെ 3-1 ന് മുന്നിലെത്തിയ ശേഷം അവരുടെ ഫോർവേഡ് താരം ദാവി, ഉബർലാൻഡിയയുടെ റിസർവ് ബെഞ്ചിന് മുന്നിലെത്തി കളിയാക്കുന്ന രീതിയിൽ വിജയം ആഘോഷിച്ചു. ഇതിൽ പ്രകോപിതനായ ഉബർലാൻഡിയ ഗോൾകീപ്പിങ് കോച്ച് പൗലോ സെർജിയോ മൈതാനത്തേക്ക് ഓടിക്കയറി താരത്തെ ആക്രമിച്ചതോടെ കളം യുദ്ധക്കളമായി മാറി.
കളിക്കാരും പരിശീലകരും ടീം മാനേജ്‌മെന്റും ആറ് ബോൾ ബോയ്‌സും അടക്കം സംഘർഷത്തിൽ പങ്കാളികളായി. കസേരകളും സ്‌ട്രെച്ചറുകളും ഉപയോഗിച്ചായിരുന്നു പരസ്പര ആക്രമണം. ഒടുവിൽ മിലിട്ടറി പോലീസ് എത്തിയാണ് 40 മിനിറ്റോളം നീണ്ട അക്രമം ശാന്തമാക്കിയത്. കളിയിൽ ആകെ 43 കളിക്കാർക്കും 8 സപ്പോർട്ട് സ്റ്റാഫുകൾക്കുമായി 51 പേർക്കാണ് റഫറി ഫെർണാണ്ടോ പാട്രിക് ഡ്രോസ്ഗിക് മോഡസ്റ്റോ റെഡ് കാർഡ് നൽകിയത്. സംഘർഷത്തെ തുടർന്ന് 60 മിനിറ്റ് തികയും മുമ്പ് തന്നെ മത്സരം ഉപേക്ഷിച്ചു. 2011-ൽ അർജന്റീനയിലെ അഞ്ചാം ഡിവിഷൻ മത്സരത്തിൽ റഫറി നൽകിയ 36 റെഡ് കാർഡുകളുടെ ഗിന്നസ് റെക്കോഡാണ് ബ്രസീലിൽ വഴിമാറിയത്.






