റെക്കോഡ് പോളിങ്ങോടെ തമിഴ്നാടും പശ്ചിമ ബംഗാളും വിധിയെഴുതി. വ്യാഴാഴ്ച അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 82.24 ശതമാനവും പശ്ചിമ ബംഗാളിൽ 89.93 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.
തമിഴ്നാട്ടിലെ ആകെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായപ്പോൾ, ബംഗാളിലെ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് ജനവിധി നടന്നത്. ബംഗാളിലെ അവശേഷിക്കുന്ന 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 29-ന് നടക്കും. തമിഴ്നാട്ടിലെ 5.73 കോടി വോട്ടർമാരിൽ ഭൂരിഭാഗവും വോട്ട് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് മുൻകാല റെക്കോഡുകൾ തിരുത്തിക്കുറിക്കപ്പെട്ടു.
Also Read:പാതകൾ മാറിയേക്കാം, പക്ഷേ ലക്ഷ്യം ഇന്ത്യ തന്നെ; ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇന്ത്യയിലേക്ക്!
പശ്ചിമ ബംഗാളിലെ പോളിങ് ശതമാനം തമിഴ്നാടിനേക്കാൾ വളരെ മുന്നിലാണ്. മിക്ക ജില്ലകളിലും അഞ്ചു മണിക്ക് മുൻപ് തന്നെ 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ദക്ഷിണ ദിനാജ്പൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ (93.12%) പോളിങ് ബൂത്തിലെത്തിയത്. ഇതിന് പുറമെ കൂച്ച്ബിഹാർ, ബിർഭം, മുർഷിദാബാദ്, ജൽപായ്ഗുരി എന്നിവിടങ്ങളിലും മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. വോട്ടർമാരെ ബോധവൽക്കരിക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് ഈ വലിയ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4-ന് നടക്കും.






