യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ ചരിത്ര റെക്കോർഡ് തിരുത്തിക്കുറിച്ചുകൊണ്ട് ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജി. വിയ്യാറയലിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തെറിഞ്ഞ മത്സരത്തിലാണ് പി.എസ്.ജി ചരിത്ര നേട്ടം സ്വന്തമാക്കിയത്. കളി തുടങ്ങി കേവലം 16 മിനിറ്റും രണ്ട് സെക്കൻഡും പിന്നിട്ടപ്പോഴേക്കും നാല് ഗോളുകൾ അടിച്ചുകൂട്ടിയാണ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നാല് ഗോളുകൾ നേടുന്ന ടീമെന്ന റെക്കോർഡ് പി.എസ്.ജി സ്വന്തമാക്കിയത്.
2011-ൽ ഡൈനാമോ സാഗ്രെബിനെതിരെ 20 മിനിറ്റിൽ നാല് ഗോളുകൾ നേടിയ റയൽ മാഡ്രിഡിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഒമ്പതാം മിനിറ്റിൽ ജാവോ നെവസിലൂടെയാണ് പി.എസ്.ജി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് എട്ട് മിനിറ്റിനുള്ളിൽ ഡെസിറെ ഡുവെ, സെന്നി മായുലു, ഫാബിയാൻ റൂയിസ് എന്നിവർ കൂടി വലകുലുക്കിയതോടെ പി.എസ്.ജി 4-0 ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ഫാബിയൻ റൂയിസ് തന്റെ രണ്ടാം ഗോളും നേടി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ 17-ാം വയസ്സുകാരൻ ഡേവിഡ് ബോളി തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ആറാം ഗോളും നേടി ടീമിന്റെ വിജയം പൂർത്തിയാക്കി.
Also Read: പ്രായത്തെ വെല്ലുന്ന പ്രകടനവുമായി വിരാട് കോഹ്‌ലി; കിടിലൻ ക്യാച്ചും പുതിയ ആഘോഷവും വൈറൽ!
ഖ്വിച്ച് ക്വാറത്‌സ്ഖേലിയ, ഉസ്മാൻ ഡെംബലെ, മാർക്വിന്യോസ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും ലൂയിസ് എൻറിക്വെയുടെ പരിശീലനത്തിന് കീഴിൽ അവിശ്വസനീയ പ്രകടനമാണ് പി.എസ്.ജി പുറത്തെടുത്തത്. ചാമ്പ്യൻസ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് 12 പോയിന്റോടെ ഒന്നാമതുള്ള ഏക ടീമും പി.എസ്.ജിയാണ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു സ്പാനിഷ് ക്ലബ്ബ് സ്വന്തം മൈതാനത്ത് വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്.






