‘അന്ന് അരങ്ങേറ്റത്തിൽ തന്നെ അത് മനസ്സിലായി’; ജോ റൂട്ടിന്റെ കുതിപ്പിൽ പ്രതികരിച്ച് സച്ചിൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ജോ റൂട്ട് (169 മത്സരങ്ങളിൽ നിന്ന് 14,278 റൺസ്)

‘അന്ന് അരങ്ങേറ്റത്തിൽ തന്നെ അത് മനസ്സിലായി’; ജോ റൂട്ടിന്റെ കുതിപ്പിൽ പ്രതികരിച്ച് സച്ചിൻ
‘അന്ന് അരങ്ങേറ്റത്തിൽ തന്നെ അത് മനസ്സിലായി’; ജോ റൂട്ടിന്റെ കുതിപ്പിൽ പ്രതികരിച്ച് സച്ചിൻ

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ റൺവേട്ട റെക്കോർഡ് മറികടക്കാൻ ശേഷിയുള്ള ഇംഗ്ലണ്ട് ബാറ്റിങ് താരം ജോ റൂട്ടിനെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. 2012-ൽ നാഗ്പൂരിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന ടെസ്റ്റ് അരങ്ങേറ്റം മുതൽ തന്നെ റൂട്ടിന്റെ മികവ് ശ്രദ്ധിച്ചിരുന്നുവെന്നും, അദ്ദേഹം വലിയൊരു താരമായി വളരുമെന്ന് അന്നുതന്നെ ഉറപ്പായിരുന്നുവെന്നും സച്ചിൻ വ്യക്തമാക്കി.

“ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ റൂട്ടിന്റെ ബാറ്റിങ് പ്രകടനം കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ ബാറ്റിങ് മികവിനെ ഞാൻ ഉയർന്ന രീതിയിലാണ് വിലയിരുത്തിയിട്ടുള്ളത്” – സച്ചിൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ജോ റൂട്ട് (169 മത്സരങ്ങളിൽ നിന്ന് 14,278 റൺസ്). ഒന്നാമതുള്ള സച്ചിന്റെ റെക്കോർഡ് (15,921 റൺസ്) മറികടക്കാൻ റൂട്ടിന് ഇനി 1,643 റൺസ് കൂടി മാത്രം മതി. വിദേശ താരങ്ങളിൽ ഹാരി ബ്രൂക്ക്, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് തന്റെ പ്രിയപ്പെട്ട ബാറ്റർമാരെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

Also Read: ഫുട്‌ബോൾ മൈതാനത്ത് പെരുമഴ പോലെ റെഡ് കാർഡുകൾ! ബ്രസീലിൽ ഒരൊറ്റ മത്സരത്തിൽ പുറത്തായത് 51 പേർ

ഏകദിന മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കാൻ 50 ഓവർ മത്സരങ്ങളെ 25 ഓവറുകൾ വീതമുള്ള രണ്ട് ഇന്നിങ്സുകളായി തിരിക്കണമെന്ന നിർദ്ദേശം സച്ചിൻ വീണ്ടും മുന്നോട്ടുവെച്ചു. ആകെ 10 വിക്കറ്റുകളും ഒരൊറ്റ പന്തും മാത്രം ഉപയോഗിച്ച് 25 ഓവർ വീതം രണ്ട് തവണയായി മത്സരം നടത്തുന്നത് ബാറ്റും ബോളും തമ്മിലുള്ള തുല്യ പോരാട്ടത്തിനും, മഞ്ഞുവീഴ്ചയടക്കമുള്ള കാലാവസ്ഥാ വെല്ലുവിളികൾ ഇരു ടീമുകൾക്കും ഒരുപോലെ നേരിടാനും സഹായിക്കുമെന്ന് സച്ചിൻ ചൂണ്ടിക്കാട്ടി.

Share Email
Top