ആർസിബിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി ഉടമകൾ

ഏകദേശം 2 ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 17,000 കോടി രൂപ) ഓഹരിമൂല്യമായി കമ്പനി തേടുന്നത്

ആർസിബിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി ഉടമകൾ
ആർസിബിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി ഉടമകൾ

ബെംഗളൂരു: ഐപിഎല്‍ പതിനെട്ടാം സീസൺ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ. ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. ആര്‍സിബി ഐപിഎല്‍ ജേതാക്കളായതിന് പിന്നാലെയാണ് കമ്പനിയുടെ ഈ നീക്കമെന്നതാണ് ശ്രദ്ധേയം. ഏകദേശം 2 ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 17,000 കോടി രൂപ) ഓഹരിമൂല്യമായി കമ്പനി തേടുന്നത്.

അതേസമയം ക്ലബ്ബിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഐപിഎല്ലില്‍ പുകയില, മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് മദ്യ കമ്പനിയുടെ ഈ നീക്കം. പ്രഥമ സീസണില്‍ വ്യവസായി വിജയ് മല്യയാണ് ടീമിനെ സ്വന്തമാക്കിയത്. 11.1കോടി ഡോളറിനാണ്‌ വിജയ് മല്യ ആര്‍സിബിയെ സ്വന്തമാക്കുന്നത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും വിജയ് മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളിലെത്തിച്ചു. ആര്‍സിബിയെ സ്വന്തമാക്കുന്നത് സംബന്ധിച്ച് വിജയ് മല്യ അടുത്തിടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

Also Read: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; പരിശീലനത്തിൽ സ്റ്റേഡിയം റൂഫ് തകർത്ത് റിഷഭ് പന്തിന്റെ സിക്സർ

‘ഞാൻ 2008-ൽ ആർസിബി ഫ്രാഞ്ചൈസിക്കായി ലേലം വിളിക്കുന്ന സമയത്ത്, ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിൽ വഴിത്തിരിവാകുമെന്ന് കണ്ടിരുന്നു. എൻ്റെ കാഴ്ചപ്പാട് ബാംഗ്ലൂരിൻ്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന ഒരു ടീമിനെ സൃഷ്ടിക്കുക എന്നതായിരുന്നു. ഊർജ്ജസ്വലവും ചലനാത്മകവും ആകർഷകവുമായ ഒന്ന്. അതിനാൽ 112 മില്യൺ ഡോളർ ഞാൻ നൽകി. കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തും മികവിന് വേണ്ടി നിലകൊള്ളുന്ന ഒരു ബ്രാൻഡ് ആക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഞങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മദ്യ ബ്രാൻഡുകളിലൊന്നിനെ റോയൽ ചലഞ്ചേഴ്സുമായി ബന്ധിപ്പിച്ചത്.’- മല്യ പറഞ്ഞു.

Share Email
Top