400 നിർധന കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന. ‘പ്രൊജക്ട് അന്നപൂർണ്ണ’ എന്ന് പേരിട്ടിരിക്കുന്ന ജീവകാരുണ്യ പദ്ധതിയിലൂടെ ഈ കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ സൗജന്യമായി നൽകുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മാസം വീതമുള്ള ഘട്ടങ്ങളായായിരിക്കും നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ അർഹരായ കുടുംബങ്ങളിലേക്ക് എത്തിക്കുക. താൻ നൽകുന്ന പലചരക്ക് സാധനങ്ങളുടെ പട്ടികയും നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ ഇത്തരം സഹായങ്ങൾ ചെയ്യുമ്പോൾ അത് സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു തന്റെ പതിവെന്നും എന്നാൽ ഇത്തവണ അത് പരസ്യമാക്കിയത് മറ്റുള്ളവർക്ക് ചെറിയ രീതിയിലെങ്കിലും സഹായങ്ങൾ ചെയ്യാനുള്ള പ്രേരണയാകട്ടെ എന്ന് കരുതിയാണെന്നും രശ്മിക പറഞ്ഞു. സൗജന്യമായി പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിലൂടെ കുടുംബങ്ങൾക്ക് ആ തുക ലാഭിക്കാനും, അത് അവരുടെ ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് കരുതുന്നതെന്ന് താരം കൂട്ടിച്ചേർത്തു. എല്ലാവരും തങ്ങളാലാകുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടു വരണമെന്നും, ചെറിയൊരു കാരുണ്യപ്രവൃത്തിക്ക് പോലും ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കുമെന്നും നടി അഭിപ്രായപ്പെട്ടു.
തന്റെ പുതിയ ചിത്രമായ ‘രണബാലി’യിലെ ജയമ്മ എന്ന കഥാപാത്രത്തിന് തന്റെ യഥാർത്ഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്ന് രശ്മിക വെളിപ്പെടുത്തി. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് അതിലൊന്ന്. രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്യുന്ന ‘രണബാലി’യിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. 1876-1878 കാലഘട്ടത്തിലെ പ്രശസ്തമായ മദ്രാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം വരും ദിവസങ്ങളിൽ തിയേറ്ററുകളിലെത്തും.






