എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അടിയന്തര സാഹചര്യങ്ങളിൽ തണലാകുന്നതിലും നിർണായക നേട്ടവുമായി റാസൽഖൈമ പോലീസ് എയർ വിങ് ഡിപ്പാർട്ട്‌മെന്റ്. 2026-ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 51 വ്യോമ ദൗത്യങ്ങളാണ് എയർ വിങ് വിജയകരമായി പൂർത്തിയാക്കിയത്. തിരച്ചിൽ, അപകടങ്ങളിൽപെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം, വിവിധ സർക്കാർ വകുപ്പുകൾക്ക് ആവശ്യമായ വ്യോമ സഹായം നൽകൽ, നിരീക്ഷണ പരിശീലന പട്രോളിങ് തുടങ്ങി നിരവധി സങ്കീർണ്ണമായ ദൗത്യങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിൽ പോലീസ് സംഘം ആകാശത്ത് നടപ്പിലാക്കിയത്.
ഏത് പ്രതിസന്ധി ഘട്ടങ്ങളെയും അതിവേഗം നേരിടാൻ സജ്ജരായ, മികച്ച രീതിയിൽ പരിശീലനം സിദ്ധിച്ച പൈലറ്റുമാരും നാവിഗേറ്റർമാരും അടങ്ങുന്ന സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായമെത്തിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എയർ വിങ് ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്റ്റനന്റ് കേണൽ പൈലറ്റ് അബ്ദുല്ല അലി അൽ ഷെഹി വ്യക്തമാക്കി.
Also Read: ഡോ. എസ്. ജയശങ്കർ ഒമാനിൽ; ഉഭയകക്ഷി ചർച്ചകൾ ജൂലൈ 9 മുതൽ
വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ മലനിരകളിലേക്കും വനപ്രദേശങ്ങളിലേക്കും വിനോദയാത്ര പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കഠിനമായ ചൂടിൽ മലകയറ്റത്തിന് മുതിരുന്നവർ ആവശ്യത്തിന് കുടിവെള്ളം കരുതണമെന്നും അപകട സാധ്യതയേറിയ ദുർഘടമായ ഭൂപ്രദേശങ്ങളിലേക്ക് പോകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഔദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കുക മാത്രമാണ് വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗമെന്ന് അൽ ഷെഹി കൂട്ടിച്ചേർത്തു. റാസൽഖൈമയുടെ സുരക്ഷാ ഭൂപടത്തിൽ ഏറ്റവും വിശ്വസ്തവും അതിവേഗത്തിലുള്ളതുമായ സേവനമാണ് എയർ വിങ് ഡിപ്പാർട്ട്‌മെന്റ് എപ്പോഴും കാഴ്ചവെക്കുന്നത്.






