ഭക്ഷ്യ വിതരണ വിപണിയിലെ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ആധിപത്യത്തെ തകർക്കാനൊരുങ്ങി റൈഡ്-ഹെയ്‌ലിങ് ആപ്പ് റാപ്പിഡോ. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ഒരു ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിനായി മുതിർന്ന റാപ്പിഡോ എക്സിക്യൂട്ടീവുകൾ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അവ പ്രാരംഭഘട്ടത്തിലാണെന്നുമാണ് വിവരം. എന്നാൽ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകൾക്ക് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
2015 ൽ ബൈക്ക് ടാക്സി പ്ലാറ്റ്ഫോമായി പ്രവർത്തനമാരംഭിച്ച റാപ്പിഡോ ഇന്ത്യയിലെ മത്സരാധിഷ്ഠിത റൈഡ്-ഹെയ്‌ലിങ് മേഖലയിൽ രണ്ടാം സ്ഥാനത്താണ്. റൈഡ്-ഹെയ്‌ലിങ്ങിൽ നിന്ന് വാർഷിക മൊത്ത വ്യാപാര മൂല്യം (ജി.എം.വി) ഒരു ബില്യൺ ഡോളർ കടന്ന കമ്പനിയാണ് റാപ്പിഡോ. നൂറിലധികം നഗരങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനി ഈ വർഷം ഇന്ത്യയിലുടനീളമുള്ള 500 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള കമ്പനിയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്. ഹൈപ്പർലോക്കൽ ഡെലിവറികൾക്കായി നിലവിലുള്ള ഇരുചക്ര വാഹനങ്ങളുടെ ശേഖരം പരമാവധി പ്രയോജനപ്പെടുത്താനും ദ്രുത വാണിജ്യത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യം മുതലെടുക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.