CMDRF

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി; നുണപരിശോനയ്ക്ക് തയ്യാറെന്ന് യുവതി

കേസെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. തനിക്ക് സംഭവിച്ചത് ആർക്കും ഉണ്ടാകരുതെന്നും വീട്ടമ്മ മാധ്യമത്തോട് പറഞ്ഞു

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി; നുണപരിശോനയ്ക്ക് തയ്യാറെന്ന് യുവതി
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി; നുണപരിശോനയ്ക്ക് തയ്യാറെന്ന് യുവതി

മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ താൻ നുണപരിശോനയ്ക്ക് തയ്യാറെന്ന് മലപ്പുറം പൊന്നാനിയിലെ അതിജീവിത. പീഡനത്തിന് ശേഷവും നുണക്കഥകൾ പ്രചരിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥർ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്. പരാതി അട്ടിമറിക്കുകയാണ്. കേസെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. തനിക്ക് സംഭവിച്ചത് ആർക്കും ഉണ്ടാകരുതെന്നും വീട്ടമ്മ മാധ്യമത്തോട് പറഞ്ഞു.

അതിജീവിതയുടെ വാക്കുകൾ:

തന്റേത് വ്യാജപരാതിയാണെന്ന് പൊലീസുകാർ കള്ളം പറയുകയാണെന്നും വീട്ടമ്മ പറഞ്ഞു. തനിക്ക് നുണപറയേണ്ട ആവശ്യമില്ല. തനിക്ക് ദുരനുഭവം ഉണ്ടായപ്പോൾ തന്നെ പരാതി നൽകിയതാണ്. പൊലീസുകാർ ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. പരാതി നൽകിയത് ആരും നിർബന്ധിച്ചിട്ടല്ല. സംഭവം എല്ലാവരും അറിഞ്ഞതോടെ നാണക്കേടായി. ഭർത്താവ് തന്നെ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പൊലീസുകാർ കാരണം തന്റെ ജീവിതം ദുരിതത്തിലായെന്നും അവർ പറയുന്നു.

സംഭവത്തിന് ദൃക്‌സാക്ഷിയായ തന്റെ സുഹൃത്തും മകനും നടന്ന കാര്യങ്ങൾ എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണ്. ഉപദ്രവിച്ച ശേഷം പൊന്നാനി സിഐയായിരുന്ന വിനോദ് വീട്ടിൽ നിന്ന് പോകുന്നത് സുഹൃത്ത് കണ്ടതാണ്. അവൾ അതേപ്പറ്റി പൊലീസുകാരനോട് ചോദിക്കുകയും ചെയ്തതാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് അയാൾ പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും യുവതി കൂട്ടിച്ചേർത്തു.

പൊന്നാനിയിലെ യുവതിക്ക് നേരിട്ട ദുരനുഭവം ഇന്നലെ മാധ്യമത്തോട് പുറത്തുവിട്ടത്. പൊന്നാനി മുൻ സിഐ വിനോദിന് പുറമേ മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി എന്നിവർക്കെതിരെയായിരുന്നു യുവതിയുടെ പരാതി. പൊലീസ് ഉദ്യോഗസ്ഥർ പരസ്പരം കൈമാറി പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. 2022ലായിരുന്നു സംഭവം. വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നൽകിയത്. എന്നാൽ സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്ന് യുവതി പറഞ്ഞു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ടു. എന്നാൽ സുജിത് ദാസും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു.

Also read: എസ്.പി ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മ; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എസ്.പി

സംഭവം വാർത്തയായതോടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സിഐ വിനോദ് രംഗത്തെത്തി. വീടുമായി ബന്ധപ്പെട്ട പരാതിയുമായി യുവതി തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. യുവതി ആരോപിക്കുന്ന തരത്തിൽ അവരുടെ വീട്ടിലേക്ക് പോയിട്ടില്ല. കോളോ, വാട്സ്ആപ്പ് കോളോ അടക്കം യാതൊരുവിധ സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും വിനോദ് പറഞ്ഞിരുന്നു. പരാതിക്കാരിയുടെ വീട്ടിൽ പോയപ്പോൾ തന്നെ കണ്ടുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. അക്കാര്യം അറിയില്ല. യുവതി ഹണി ട്രാപ്പ് സംഘത്തിലെ ആളാണെന്നും വിനോദ് ആരോപിച്ചിരുന്നു.

Top