ബോളിവുഡ് താരം രൺവീർ സിങിന്റെ ജന്മദിനമായ ഇന്ന് ഒരു കിടിലൻ സമ്മാനമാണ് അദ്ദേഹം ആരാധകർക്കായി നൽകിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല സിനിമ പ്രേമികളും ആരാധകരും കാത്തിരുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ധുരന്ധറിന്റെ ടീസർ ആണ്. നിമിഷ നേരങ്ങൾ കൊണ്ടാണ് ഈ ടീസർ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അമ്പരപ്പിക്കുന്ന ഫസ്റ്റ് ലുക്ക് വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത് എന്നാണ് ആരാധകരും പറയുന്നത്.
‘ഉറി ദ് സർജിക്കൽ സ്ട്രൈക്കി’ന്റെ സംവിധായകൻ ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാധവൻ, അർജുൻ രാംപാൽ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വളരെ റോ ആയിട്ടാണ് രൺവീറിനെ വിഡിയോയിൽ കാണാനാവുക. കൂടാതെ ചിത്രത്തിന്റെ കാസ്റ്റിംഗും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സഷാവത് സച്ച്ദേവ് ആണ് പശ്ചാത്തല സംഗീതവും സംഗീതവുമൊരുക്കിയിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.