രഞ്ജി ട്രോഫി; ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം

നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 399 റൺസിന് ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കി

രഞ്ജി ട്രോഫി; ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം
രഞ്ജി ട്രോഫി; ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം

പൂണെ: രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരും കേരളവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ആവേശകരമായ അവസാനത്തിലേക്ക് നീങ്ങുന്നു. ഒരു ദിവസവും 134 ഓവറും ബാക്കി നിൽക്കെ 399 റൺസാണ് കേരളത്തിന്‍റെ വിജയലക്ഷ്യം. സമനില പിടിച്ചാലും ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് സെമിയിൽ കടക്കാനാകും. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 399 റൺസിന് ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം വിക്കറ്റൊന്നും നഷ്ടമില്ലാതെ 10 ഓവറിൽ 45 റൺസെടുത്തിട്ടുണ്ട്. മികച്ച ലീഡുമായി ഇന്നിങ്സ് അവസാനിപ്പിച്ച കശ്മീർ കേരളത്തെ വേഗത്തിൽ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ്. നായകൻ പരസ് ജോഗ്രയുടെ സെഞ്ച്വറിയാണ് ടീമിന് മികച്ച ലീഡ് സമ്മാനിച്ചത്. 232 പന്തിൽ രണ്ടു സിക്സും 13 ഫോറുമടക്കം 132 റൺസെടുത്ത താരത്തെ ആദിത്യ സർവാതെയാണ് പുറത്താക്കിയത്.

അതേസമയം നാലാം ദിനം മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ് കശ്മീർ ബാറ്റിങ് ആരംഭിച്ചത്. കനയ്യ വാധ്വാൻ (116 പന്തിൽ 64), ലോണെ നാസിർ (33 പന്തിൽ 28), സാഹിൽ ലോത്ര (77 പന്തിൽ 59), ആബിദ് മുഷ്താഖ് (15 പന്തിൽ 13), ആഖിബ് നബി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. യുധ്വീർ സിങ് 14 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് റൺസെടുത്ത ശുഭം ഖജൂരിയയെയും 16 റൺസെടുത്ത യാവർ ഹസനെയും 37 റൺസെടുത്ത വിവ്രാന്ത് ശർമയെയും മൂന്നാം ദിനം കേരളം പുറത്താക്കിയിരുന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി. എൻ. ബേസിൽ, ആദിത്യ സർവാതെ എന്നിവർ രണ്ടു വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും നേടി.

Also Read: മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത്തിനെ പ്രശംസിച്ച് മുൻ പാക് താരം

ഒന്നാം ഇന്നിങ്സിൽ സൽമാൻ നിസാറിന്‍റെ സെഞ്ച്വറി പ്രകടനാണ് കേരളത്തിന് ഒരു റണ്ണിന്‍റെ ലീഡ് നേടി കൊടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സൽമാൻ സെഞ്ച്വറി നേടുന്നത്. ജമ്മു- കശ്മീരിനെതിരെ കേരളത്തിന്റെ അതിശയകരമായ തിരിച്ചുവരവായിരുന്നു മൂന്നാം ദിവസത്തെ കളിയുടെ സവിശേഷത. ഒമ്പത് വിക്കറ്റിന് 200 റൺസെന്ന നിലയിൽ കളി തുടർന്ന കേരളത്തിന് ലീഡെന്ന സ്വപ്നം വളരെ അകലെയായിരുന്നു. സൽമാൻ നിസാർ – ബേസിൽ തമ്പി കൂട്ടുകെട്ട് 81 റൺസാണ് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്തത്.12 ഫോറും നാല് സിക്സുമടക്കം 112 റൺസുമായി സൽമാൻ പുറത്താകാതെ നിന്നു. 35 പന്തുകളിൽ 15 റൺസെടുത്ത ബേസിൽ പുറത്തായതോടെ കേരള ഇന്നിങ്സിന് അവസാനമായി. കശ്മീരിനുവേണ്ടി ആക്വിബ് നബി ആറും യുധ്വീർ സിങ്ങും സാഹിൽ ലോത്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Share Email
Top