രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും ജാർഖണ്ഡും തമ്മിലുള്ള മത്സരം സമനിലയിൽ. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എടുത്ത നിൽക്കെ മത്സരം സമനിലയായി അവസാനിക്കുകയായിരുന്നു. ജാർഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 587 റൺസിനെതിരെ ബാറ്റ് വീശിയ കേരളം 395 റൺസിന് പുറത്തായിരുന്നു. 192 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ജാർഖണ്ഡ് മത്സരത്തിൽ മൂന്ന് പോയിന്റ് സ്വന്തമാക്കിയപ്പോൾ, കേരളത്തിന് ഒരു പോയിന്റ് ലഭിച്ചു.
രണ്ടാം ഇന്നിങ്സിൽ കേരളത്തിന് ഓപ്പണർ രോഹൻ കുന്നുമ്മലിന്റെയും (1) സച്ചിൻ ബേബിയുടെയും (37) വിക്കറ്റുകളാണ് നഷ്ടമായത്. 23 റൺസുമായി അഭിഷേക് നായർ പുറത്താകാതെ നിന്നു. നാലാം ദിനം ആറ് വിക്കറ്റിന് 269 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി ആദിത്യ സർവാതെയും (95) സൽമാൻ നിസാറും (43) മികച്ച ചെറുത്തുനിൽപ്പാണ് നടത്തിയത്. എന്നാൽ പിന്നീട് ബാറ്റിങ് തകർച്ച നേരിട്ട കേരളം 395 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ജാർഖണ്ഡിനായി മനീഷിയും ഉത്കർഷ് സിങ്ങും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ശിഖർ മോഹൻ, വിരാട് സിങ്, ആദിത്യ സിങ് എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ജാർഖണ്ഡ് 587 റൺസ് നേടിയത്.






