തിരുവനന്തപുരം: കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയ്ക്ക് സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
‘സുഗതകുമാരി ടീച്ചര്‍ വിടവാങ്ങിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ടീച്ചറിന്റെ കര്‍മ്മ മേഖലയായ തിരുവനന്തപുരത്ത് ആ മഹത്തായ സ്മരണ നിലനിറുത്തുന്നതിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ 3 കോടി രൂപ പ്രഖ്യാപിച്ചിരുന്നതാണ്. കൂടാതെ കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ സ്മാരകത്തിന് സ്ഥലം കണ്ടെത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Also Read: അഭിമന്യു വധക്കേസ്: വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
മ്യൂസിയം- നന്ദാവനം – ബേക്കറി ജംഗ്ഷന്‍ റോഡിന് സുഗതകുമാരിയുടെ പേര് നല്‍കണമെന്ന് തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കിയെങ്കിലും ഇക്കാര്യത്തിലും തുടര്‍ നടപടി ഉണ്ടായില്ല. സുഗതകുമാരി ടീച്ചറുടെ പുസ്തകങ്ങളും വിലപിടിച്ച കത്തുകളും, അവാര്‍ഡുകള്‍ അടക്കമുള്ള സ്മാരക ശേഷിപ്പുകളും അന്യാധീനപ്പെടുമെന്ന ഭയം സാംസ്‌കാരിക ലോകത്തിനുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കാലവിളംബം കൂടാതെ സുഗതകുമാരി ടീച്ചര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള അടിയന്തിര തുടര്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.