രാഹുല്‍ ധോണിയെപ്പോലെ; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച ‘ഫിനിഷര്‍’: രാജ്‌നാഥ് സിങ്

രാഹുല്‍ ധോണിയെപ്പോലെ; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച ‘ഫിനിഷര്‍’: രാജ്‌നാഥ് സിങ്

ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷറെന്ന് വിശേഷിപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയേപ്പോലെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച ‘ഫിനിഷറാ’ണ് രാഹുല്‍ ഗാന്ധിയെന്ന് രാജ്‌നാഥ് സിങ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ‘ഫിനിഷര്‍’ എന്നു വിശേഷിപ്പിച്ചുള്ള രാജ്‌നാഥിന്റെ പരിഹാസം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെടാറുണ്ട്. ഒടുവില്‍ ഞാനൊരു നിഗമനത്തിലെത്തി. ആരാണ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഫിനിഷര്‍? (മഹേന്ദ്രസിങ് ധോണി എന്ന് ജനക്കൂട്ടത്തിന്റെ മറുപടി). അതെ ധോണി തന്നെ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷര്‍ ആരാണെന്ന് ആരെങ്കിലും ചോദിക്കുന്നുവെന്ന് വയ്ക്കുക. ഞാന്‍ പറയും, അത് രാഹുല്‍ ഗാന്ധിയാണെന്ന്. നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതിന്റെ പ്രധാനകാരണം ഇതാണ്.” രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

”കോണ്‍ഗ്രസും അഴിമതിയും പരസ്പര പൂരകങ്ങളാണ്. മിക്ക കോണ്‍ഗ്രസ് നേതാക്കളും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണ്. എന്നാല്‍ മോദി സര്‍ക്കാരില്‍ ഒരു മന്ത്രി പോലും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നേരിടുന്നില്ല. ഒരിക്കല്‍ രാജ്യം ഭരിച്ചിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.” രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

2045ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ശക്തിയായി മാറുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. അതെല്ലാം നടപ്പായിരുന്നെങ്കില്‍ ഇന്ത്യ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ലോകത്തെ വലിയ ശക്തിയാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top