ദേശീയപാത തകര്‍ച്ച; നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

വിഷയത്തില്‍ ശക്തമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ദേശീയപാത തകര്‍ച്ച; നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി രാജീവ് ചന്ദ്രശേഖര്‍
ദേശീയപാത തകര്‍ച്ച; നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. വിഷയത്തില്‍ ശക്തമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മലപ്പുറത്ത് ദേശീയ പാത തകര്‍ന്ന സംഭവത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായും നിതിന്‍ ഗഡ്കരി രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു.

മലപ്പുറത്ത് തകര്‍ന്ന ദേശീയപാതയുടെ കരാര്‍ കമ്പനിയെ, ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയതായി നിതിന്‍ ഗഡ്കരി അറിയിച്ചു. കോണ്‍ട്രാക്ടറുടെ പിഴവുകള്‍ മൂലം നഷ്ടം സംഭവിച്ചാല്‍ സര്‍ക്കാറിന് നിര്‍മാണ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം പിരിച്ചെടുക്കാന്‍ കഴിയും. അതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ സാമ്പത്തിക നഷ്ടമൊന്നുമില്ല. കേരളത്തിലെ ദേശീയ പാതാ നിര്‍മ്മാണ ജോലികള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മലപ്പുറത്തെ ബിജെപി നേതൃത്വവുമായി ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

മോദി ഭരണത്തിന് കീഴില്‍ രാജ്യത്ത് ഒരു ലക്ഷം കിലോമീറ്ററിലധികം ഹൈവേകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2014ലെ 90,000 കിലോമീറ്ററില്‍ നിന്ന് 2024 ല്‍ ഒന്നരം ലക്ഷം കിലോമീറ്ററിലേക്കുള്ള അറുപത് ശതമാനം വിപുലീകരണമാണ് ഹൈവേയുടെ കാര്യത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ഉണ്ടായത്. 2014 ല്‍ പ്രതിദിനം 11 കിലോമീറ്ററായിരുന്നു ഹൈവേ നിര്‍മാണം നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രതിദിന ശരാശരി 33 കിലോമീറ്ററായി ഉയര്‍ന്നു. നിലവില്‍ ലോകത്തെ രണ്ടാമത്തെ വലിയ ഹൈവേ ശൃംഖലയാണ് ഇന്ത്യയിലുള്ളതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ 65,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് കേരളത്തിലെ അടിസ്ഥാന സൗകര്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും വികസിത കേരളത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യും. ഇപ്പോഴുണ്ടായതു പോലുള്ള തടസങ്ങള്‍ പ്രവര്‍ത്തന പുരോഗതിയെ ബാധിക്കാതിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Share Email
Top