‘സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിനറിയാം, പഠിപ്പിക്കേണ്ട കാര്യമില്ല’; സുരേഷ് റെയ്ന

2019 ലെ ഏകദിന ലോകകപ്പിലെ പ്രകടനം അവര്‍ത്തിക്കാന്‍ രോഹിത്തിന് സാധിക്കുമെന്നാണ് റെയ്ന പറയുന്നത്

‘സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിനറിയാം, പഠിപ്പിക്കേണ്ട കാര്യമില്ല’; സുരേഷ് റെയ്ന
‘സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിനറിയാം, പഠിപ്പിക്കേണ്ട കാര്യമില്ല’; സുരേഷ് റെയ്ന

ലഖ്നൗ: അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അതിന് മുമ്പ് ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയിലും മോശം പ്രകടനമാണ് താരം പുറത്തെടുത്തത്. മോശം ഫോമിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഓസീസിനെതിരെ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം പോലുമുണ്ടായി. ഇതിനിടെയാണ് രോഹിത്തിനെ പിന്തുണച്ച് റെയ്ന രംഗത്തെത്തിയത്. 2019 ലെ ഏകദിന ലോകകപ്പിലെ പ്രകടനം അവര്‍ത്തിക്കാന്‍ രോഹിത്തിന് സാധിക്കുമെന്നാണ് റെയ്ന പറയുന്നത്.

Also Read: കേവലം 26 പന്തില്‍ വിജയലക്ഷ്യം മറികടന്ന് ഇന്ത്യ; രണ്ട് വിക്കറ്റ് നേടി മലയാളി താരം ജോഷിത

സുരേഷ് റെയ്നയുടെ വാക്കുകള്‍…

”2011 ലോകകപ്പ് ടീമിലേക്ക് രോഹിത് തിരഞ്ഞെടുക്കപ്പെടാതിരുന്നപ്പോള്‍ അയാള്‍ക്ക് വലിയ വിഷമം തോന്നിയിരുന്നു. എന്നാല്‍ 2013 ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. നന്നായി കളിക്കാനും രോഹിത്തിന് സാധിച്ചു. കഴിഞ്ഞ തവണ ഞങ്ങള്‍ ഇംഗ്ലണ്ടില്‍ ചാംപ്യന്‍സ് ട്രോഫി വിജയിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ദുബായിലെ സാഹചര്യം. ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിനറിയാം. പഠിപ്പിക്കേണ്ട കാര്യമില്ല. രോഹിത് 20-25 ഓവര്‍ വരെ കളിക്കുകയാണെങ്കില്‍, 2019 ലോകകപ്പിലെ അതേ പ്രകടനം അദ്ദേഹം തുടരും.” റെയ്ന വ്യക്തമാക്കി.

Share Email
Top