തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.
അതേസമയം എട്ടാം തീയതി ഒൻപത് ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒൻപതാം തീയതി കേരളത്തിലെ 14 ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 10ന് എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 90 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.