ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസത്തേയ്ക്ക് വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴയിലും തൃശൂരിലും ഒഴികെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് വൈകിട്ട് 03.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Top