റെയില്‍വെ സിഗ്നലിന്റെ കേബിള്‍ മുറിച്ചുമാറ്റി: ആക്രിക്കച്ചവടക്കാര്‍ അറസ്റ്റില്‍

റെയില്‍വെ സിഗ്നലിന്റെ കേബിള്‍ മുറിച്ചുമാറ്റി: ആക്രിക്കച്ചവടക്കാര്‍ അറസ്റ്റില്‍

വടകര: പൂവാടന്‍ ഗേറ്റില്‍ റെയില്‍വെ സിഗ്നലിന്റെ കേബിള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അസം സ്വദേശികളായ മനോവര്‍ അലി (37), അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആര്‍പിഎഫ് പിടികൂടിയത്. മോഷ്ടിച്ച 12 മീറ്റര്‍ സിഗ്നല്‍ കേബിളും ഇത് മുറിക്കാന്‍ ഉപയോഗിച്ച ആക്സോ ബ്ലേഡും പിടികൂടി.

വടകര പരവന്തലയ്ക്ക് സമീപം പഴയ വീട് വാടകയ്ക്കെടുത്ത് ആക്രിക്കച്ചവടം നടത്തുന്നവരാണ് പിടിയിലായ രണ്ടുപേരും. മനോവര്‍ അലിയാണ് പൂവാടന്‍ ഗേറ്റിലെത്തി കേബിള്‍ മുറിച്ചുകൊണ്ടുപോയത്. സിഗ്നല്‍ കേബിള്‍ മുറിഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വടകരയ്ക്കും മാഹിക്കും ഇടയില്‍ സിഗ്‌നല്‍ സംവിധാനം താളം തെറ്റിയതോടെ പത്തോളം തീവണ്ടികള്‍ ആണ് വൈകിയത്.

കേബിള്‍ മുറിച്ച സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍പിഎഫ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ റെയില്‍വെ ട്രാക്കിന് സമീപത്തായി മനോവര്‍ അലിയെ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ കേബിളിന്റെ ഒരു ഭാഗം കൈവശം കണ്ടെത്തി. തുടര്‍ന്ന് ആക്രിക്കച്ചവടം നടത്തുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ബാക്കി ഭാഗവും കണ്ടെത്തുകയായിരുന്നു.

Top