ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സിനിമാ നിർമ്മാതാക്കളുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാനും രാം ചരൺ നായകനായെത്തിയ ഗെയിം ചേഞ്ചർ സിനിമയുടെ പ്രൊഡ്യൂസറുമായ ദിൽ രാജുവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത് . അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളിയും നിർമ്മാതാവുമായ സിരീഷിൻ്റെ വസതിയിലും റെയ്ഡ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
കൂടാതെ പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവീസിന്റെ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നവീൻ യേർനേനി, യലമഞ്ചിലി രവിശങ്കർ, സിഇഒ ചെറി എന്നിവരുടെ വസതിയിലും പൊലീസ് റെയ്ഡ് നടത്തി. എട്ട് സ്ഥലങ്ങളിലായി 55 സംഘങ്ങൾ പരിശോധന നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Also Read: പഞ്ചാബ് മുഖ്യമന്ത്രിയുടെ വധം: ദയാഹർജിയിൽ ഉടൻ തീരുമാനമെടുക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി
ദിൽ രാജുവിന്റെ നിർമ്മാണത്തിൽ പുറത്തു വന്ന ചിത്രങ്ങളാണ് ഗെയിം ചേഞ്ചർ, സംക്രാന്തികി വാസ്തുനം എന്നിവ. വിജയ്‌യുടെ വാരിസ് എന്ന ചിത്രവും ഇദ്ദേഹമായിരുന്നു നിർമിച്ചിരുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. ദിൽ രാജുവിൻ്റെ അടുത്ത നിർമ്മാണ സംരംഭം നിതിൻ നായകനാകുന്ന തമ്മുഡാണ്.