മമ്മുട്ടി നടത്തിയ ‘യാത്രയും’ ഗുണം ചെയ്തില്ല, ആന്ധ്രയിൽ ജഗൻ നേരിടാൻ പോകുന്നത് വൻ വെല്ലുവിളി

മമ്മുട്ടി നടത്തിയ ‘യാത്രയും’ ഗുണം ചെയ്തില്ല, ആന്ധ്രയിൽ ജഗൻ നേരിടാൻ പോകുന്നത് വൻ വെല്ലുവിളി

മമ്മുട്ടിയുടെ ‘യാത്ര’ കൊണ്ടും ജഗൻമോഹൻ റെഡ്ഢിയ്ക്ക് രക്ഷയില്ല. ലോകസഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുംവൻ തിരിച്ചടി നേരിട്ട ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്. ആർ കോൺഗ്രസ്സ് ഇപ്പോൾ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനായി വൈ.എസ്.ആർ കോൺഗ്രസ്സ് പുറത്തിറക്കിയ ‘യാത്ര – 2’ സിനിമയിൽ
ജഗൻ മോഹൻ റെഡ്ഢിയുടെ പിതാവ് രാജശേഖര റെഡ്ഡിയെ അവതരിപ്പിച്ചത് മമ്മുട്ടിയാണ്. ഇതിൻ്റെ ആദ്യ ഭാഗം അഞ്ചു വർഷം മുൻപ് ഇറക്കിയതും 2019-ലെ തിരഞ്ഞെടുപ്പ് കാലത്താണ്. ആ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് ജഗൻ മോഹൻ റെഡ്ഡി ആന്ധ്ര ഭരണം പിടിച്ചിരുന്നത്.

എന്നാൽ ഇത്തവണ ആ യാത്രയൊന്നും ജഗൻ മോഹൻ റെഡ്ഡിക്ക് ഗുണം ചെയ്തിട്ടില്ല. വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ വൻ ഭൂരിപക്ഷത്തിനാണ് ടി.ഡി.പി സഖ്യം ആന്ധ്രപ്രദേശ് തൂത്ത് വാരിയിരിക്കുന്നത്. ലോകസഭ സീറ്റുകളുടെ എണ്ണത്തിലും മുഖ്യ മേധാവിത്വമാണ് ഈ സഖ്യത്തിന് ഉള്ളത്.

ആകെയുള്ള 175 നിയമസഭാ സീറ്റുകളിൽ 135 ഉം ടി.ഡി.പി നേടിയപ്പോൾ സഖ്യകക്ഷികളായ ജനസേന പാർട്ടി 21 സിറ്റികളും ബി.ജെ.പി 8 സീറ്റുകളുമാണ് നേടിയിരിക്കുന്നത്. വൈ. എസ്. ആർ കോൺഗ്രസ്സിന് ആകെ ലഭിച്ചത് വെറും 11 സീറ്റുകൾ മാത്രമാണ്. 25 ലോകസഭ സീറ്റുകളിൽ ടി.ഡി.പി 16 സീറ്റിലാണ് വിജയിച്ചിരിക്കുന്നത്. ബി.ജെ.പി ഇവിടെ 3സീറ്റുകൾ സ്വന്തമാക്കിയപ്പോൾ ജനസേന പാർട്ടിക്ക് 2 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. വൈ.എസ്.ആർ കോൺഗ്രസ്സിനെ കേവലം 4 സീറ്റുകളിലാണ് ടി.ഡി.പി സഖ്യം ഒതുക്കിയിരിക്കുന്നത്.

ഈ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമായിരുന്നു. കാരണം, ഇത്തവണ സംസ്ഥാന ഭരണം കൈവിട്ടാൽ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തന്നെ ജയിലിൽ അടക്കുമെന്ന ഭീതി ജഗൻ മോഹൻ റെഡ്ഡിക്കുണ്ടായിരുന്നു. ആ ഭയമാണിപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്.

പകയുടെ രാഷട്രീയത്തിൻ്റെ പുതിയ വകഭേദമാണ് ഇനി ആന്ധ്രയിൽ സംഭവിക്കാൻ പോകുന്നത്. സംസ്ഥാന ഭരണത്തിലും കേന്ദ്ര ഭരണത്തിലും ഒരു പോലെ ശക്തനായ ചന്ദ്രബാബു നായിഡു പകവീട്ടുമെന്ന കാര്യം ഉറപ്പാണ്.

തമിഴ്നാട്ടിൽ കരുണാനിധിയോട് ജയലളിത പകവീട്ടിയതിന് സമാനമായ സംഭവവികാസങ്ങൾക്കാണ് ഇനി ആന്ധ്ര സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇക്കാര്യത്തിൽ ജഗൻമോഹൻ റെഡ്ഡിക്ക് മാത്രമല്ല അദ്ദേഹത്തിനോട് അടുപ്പമുള്ളവർക്കും വലിയ ആശങ്കയുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള പകപോക്കലിന് ചന്ദ്രബാബു നായിഡു സർക്കാർ മുതിർന്നാൽ ആ കണക്ക് 5 വർഷം കഴിഞ്ഞായാലും പലിശ സഹിതം വീട്ടുമെന്നാണ് വൈ.എസ്.ആർ കോൺഗ്രസ്സ് പ്രവർത്തകർ പറയുന്നത്.

ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കൂടിയായ ചന്ദ്രബാബു നായിഡുവിനെ അഴിമതി കേസിൽ അകത്താക്കിയിരുന്നത് ആന്ധ്രയിലെ ജഗൻമോഹൻ റെഡ്ഡി സർക്കാറാണ്. ഈ പക മനസിൽ വയ്ക്കുന്ന ചന്ദ്രബാബു നായിഡു എന്തു വിലകൊടുത്തും ആന്ധ്ര ഭരണം പിടിക്കുമെന്ന വാശിയിലാണ് മുന്നോട്ട് പോയിരുന്നത്. തെലുങ്ക് സൂപ്പർസ്റ്റാറായ പവൻ കല്യാണിൻ്റെ ജനസേന പാർട്ടിയുമായും ബി.ജെ.പിയുമായും ടിഡിപി കൂട്ട് കെട്ടുണ്ടാക്കിയതും ഇതിൻ്റെ ഭാഗമായാണ്.

തെലുങ്ക് മാസ് മസാല സിനിമയുടെ കഥപോലെ ഏറെ ട്വിസ്റ്റുകൾ നിറഞ്ഞതാണ് ആന്ധ്രപ്രദേശിൻ്റെ രാഷ്ട്രീയം. സംസ്ഥാന രൂപീകരണത്തിന് പിന്നാലെ ആദ്യം കോൺഗ്രസും പിന്നീട് തെലുങ്ക് ദേശം പാർട്ടിയും മാത്രം അധികാരത്തിൽ വന്നിരുന്ന ആന്ധ്രയിൽ 2019ലാണ് ജഗൻ മോഹൻ റെഡ്ഡി ഭരണം പിടിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ കാലയളവിൽ പല ജനപ്രിയ പദ്ധതികളും ജഗൻ മോഹൻ റെഡ്ഡി നടപ്പാക്കിയിരുന്നെങ്കിലും അതൊന്നും തന്നെ വോട്ടായി മാറിയിട്ടില്ല. ചന്ദ്രബാബു നായിഡുവിനെ ജയിലിൽ അടച്ചത് ടി.ഡി.പിക്ക് അനുകൂലമായ സഹതാപ തരംഗമായി മാറിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

2019-ൽ ആന്ധ്ര ഭരണം പിടിച്ച ജഗൻമോഹൻ റെഡ്ഡിക്ക് നിലവിൽ അദ്ദേഹത്തിൻ്റെ സഹോദരി ശർമ്മിളയും ശത്രുവാണ്. ആന്ധ്രപ്രദേശ് കോൺഗ്രസ്സ് അദ്ധ്യക്ഷയായ ശർമ്മിള ജഗൻ മോഹൻ റെഡ്ഡിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഇതും ടി.ഡി.പി സഖ്യത്തിനാണ് ഗുണം ചെയ്തിരിക്കുന്നത്.

വിഭജനത്തിന് മുൻപുള്ള ആന്ധ്രയുടെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി അറിയപ്പെടുന്നത്. മുഖ്യമന്ത്രി ആയിരിക്കെ ആന്ധ്രയിൽ അദ്ദേഹം നടത്തിയ പദയാത്രയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായിരുന്നു. 2004ൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നതിനും ഈ പദയാത്രയാണ് വലിയ പങ്കു വഹിച്ചിരുന്നത്. പിതാവിൻ്റെ ഈ മാതൃക തന്നെയാണ് സ്വന്തം രാഷ്ട്രീയ ജീവിതത്തിൽ ജഗൻ മോഹൻ റെഡ്ഡിയും പിന്തുടരുന്നത്. ആന്ധ്രയിൽ ജഗൻ നടത്തിയ പദയാത്രയും അതിൻ്റെ തുടർച്ചയായി യാത്ര സിനിമ പിറവിയെടുത്തതും കൃത്യമായ രാഷ്ട്രീയ കണക്കു കൂട്ടലുകളോടെ ആയിരുന്നു. പക്ഷേ ഇത്തവണ അതും ജഗനെ തുണച്ചില്ല.

1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ്. മമ്മുട്ടി നായകനായ ‘യാത്ര’ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ പുറത്തിറക്കിയ രണ്ടാം ഭാഗത്തിൽ ജഗൻ മോഹൻ റെഡ്ഡിയുടെ കഥാപാത്രത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. വൈഎസ്ആറിന്റെ മരണവും തുടർന്ന് ജഗൻ നേതൃസ്ഥാനത്തേക്ക് എത്തിയതിന്റെയും കഥയാണ് യാത്ര – 2 പറയുന്നത്. ആ യാത്രയ്ക്ക് മുന്നിലാണ് ഇപ്പോൾ ചന്ദ്രബാബു നായിഡു റെഡ് സിഗനൽ ഉയർത്തിയിരിക്കുന്നത്. ഇനി ആന്ധ്ര രാഷ്ട്രീയത്തിൽ എന്തൊക്കെ സംഭവിക്കുമെന്നത് കണ്ടു തന്നെ അറിയേണ്ട സാഹചര്യമാണുള്ളത്…

EXPRESS KERALA VIEW

Top