പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ പീഡന പരാതിയില്‍ സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍; മോദിക്കും അമിത് ഷായ്ക്കും വിമര്‍ശനം

പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ പീഡന പരാതിയില്‍ സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍; മോദിക്കും അമിത് ഷായ്ക്കും വിമര്‍ശനം

ഡല്‍ഹി: പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. പല വര്‍ഷങ്ങളായി, പ്രജ്വല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. പ്രജ്വലിനെ മകനെയും സഹോദരനെയും പോലെ കണ്ട പലരും അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെടുകയും അവരുടെ അഭിമാനം കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്ത കുറ്റം, സാധ്യമായ ഏറ്റവും കര്‍ശനമായ ശിക്ഷയ്ക്ക് അര്‍ഹമാണ്, രാഹുല്‍ കത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ രാഹുല്‍ കത്തില്‍ അതിരൂക്ഷ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. 2023 ഡിസംബറില്‍ പ്രജ്വലിന്റെ മുന്‍കാലചരിത്രങ്ങള്‍, പ്രത്യേകിച്ച് ലൈംഗികചൂഷണത്തെ കുറിച്ചുള്ള കാര്യങ്ങളും ദൃശ്യങ്ങള്‍ പകര്‍ത്തിയ കാര്യവും ജി. ദേവരാജ ഗൗഡ, അമിത് ഷായെ അറിയിച്ചിരുന്നെന്ന കാര്യം എന്നെ ഞെട്ടിച്ചു. എന്നാല്‍ ബി.ജെ.പിയുടെ ഏറ്റവും മുതിര്‍ന്ന നേതൃത്വത്തിന് മുന്‍പാകെ ഈ ആരോപണങ്ങള്‍ എത്തിയിട്ടും നിരവധിപ്പേരെ ബലാത്സംഗം ചെയ്തയാള്‍ക്കു വേണ്ടി പ്രധാനമന്ത്രി പ്രചാരണം നടത്തി. ഇത് എന്നില്‍ ഏറെ ഞെട്ടലുണ്ടാക്കി, രാഹുല്‍ കത്തില്‍ പറയുന്നു.

അന്വേഷണം വഴിതെറ്റിക്കുന്നതിന്റെ ഭാഗമായി പ്രജ്വലിനെ ഇന്ത്യ വിടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുവെന്നും രാഹുല്‍, സിദ്ധരാമയ്യയ്ക്ക് എഴുതിയ കത്തില്‍ ആരോപിക്കുന്നു. ഈ കുറ്റകൃത്യങ്ങളുടെ ഒരിക്കലും അംഗീകരിക്കാനാകാത്ത സ്വഭാവവും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആശീര്‍വാദത്താല്‍ പ്രജ്വല്‍ രേവണ്ണ ആസ്വദിക്കുന്ന ശിക്ഷാഭീതിയില്ലായ്മയും അങ്ങേയറ്റം അപലപനീയമാണ്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top