മുഖ്യമന്ത്രി സ്ഥാനാർത്ഥി സുധീരനോ ? കോൺഗ്രസ്സിലെ അധികാര തർക്കത്തിൽ രാഹുൽ ഇടപെടും

ഒരു കാലത്ത് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ കണ്ണിലെ കരടായിരുന്ന വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാട്ടുക എന്നതാണ് കെ.സി വേണുഗോപാലിന്റെ അജണ്ട. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ സ്വീകാര്യനാണ് സുധീരന്‍ എന്നതിനാല്‍ സുധീരന്റെ പേര് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് മുന്നോട്ട് വച്ചാല്‍, അത് അംഗീകരിക്കപ്പെടാനാണ് സാധ്യത.

മുഖ്യമന്ത്രി സ്ഥാനാർത്ഥി സുധീരനോ ? കോൺഗ്രസ്സിലെ അധികാര തർക്കത്തിൽ രാഹുൽ ഇടപെടും
മുഖ്യമന്ത്രി സ്ഥാനാർത്ഥി സുധീരനോ ? കോൺഗ്രസ്സിലെ അധികാര തർക്കത്തിൽ രാഹുൽ ഇടപെടും

2026 ലക്ഷ്യമിട്ടാണ് കേരളത്തിലെ സകല രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഭരണ വിരുദ്ധ വികാരം എന്ന ഭീഷണിയെ കോണ്‍ഗ്രസ്സിലെ ചേരിപ്പോരിനെ മുന്‍ നിര്‍ത്തി പ്രതിരോധിക്കാമെന്നതാണ് ഇടതുപക്ഷത്തിന്റെ കണക്ക്കൂട്ടല്‍. സംഘടനാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിലേക്കും അതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലേക്കും കടക്കുന്നത് എന്നതിനാല്‍ സംഘടനാ പരമായ ഒരു മേല്‍ക്കോയ്മ സി.പി.എമ്മിനുണ്ട്. താഴെ തട്ടുമുതല്‍ സംഘടനയെ സജീവമാക്കി നിര്‍ത്താന്‍ ഇതുവഴി സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ആയിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിടുക. അപ്രതീക്ഷിതമായി ചില സി. പി.എം നേതാക്കള്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനും മറ്റു ചില പ്രമുഖ നേതാക്കള്‍ മത്സരിക്കാനും സാധ്യത ഏറെയാണ്.

CPIM

ഒരു ജാതി – മത ശക്തികള്‍ക്ക് മുന്നിലും കീഴടങ്ങാതെ സ്വതന്ത്രമായി ഭരണം നടത്താന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നാണ് സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. സാമുദായിക നേതാക്കളുടെ പിന്‍ബലത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.പി.എം നേതൃത്വം ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. സിപിഎമ്മില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. ഒരിക്കലും ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന പതിവും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍, ഇടതുപക്ഷ അണികള്‍ക്കിടയിലും വേവലാതിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Also Read: ശാസ്ത്ര പുരോ​ഗതിയിലും കരുത്തർ, ഇറാന്റെ വളർച്ച പലരെയും പേടിപ്പിക്കുന്നു

Ramesh Chennithala

എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതല്ല അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ തര്‍ക്കം മൂത്തിരിക്കുകയാണ്. ‘ഇത്തവണയില്ലെങ്കില്‍ ഇനി ഒരിക്കലുമില്ല’ എന്ന ചിന്താഗതി മുസ്ലീം ലീഗിന് ഉണ്ടെങ്കിലും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അതില്ല. അവര്‍ ഇപ്പോഴും കിട്ടുമെന്ന് ഉറപ്പില്ലാത്ത ഭരണം മുന്‍ നിര്‍ത്തിയാണ് ഗ്രൂപ്പ് കളിക്കുന്നത്. വി.ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനായി അണിയറയില്‍ ചരടുവലികള്‍ നടത്തുന്നത്. പ്രമുഖ ഹിന്ദു സംഘടനകളായ എന്‍ എസ് എസ്, എസ്.എന്‍.ഡി.പി, കൂടാതെ വിവിധ മുസ്ലീം മതസംഘടനകള്‍ എന്നിവയെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ചെന്നിത്തല ശ്രമിക്കുന്നത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ വി.ഡി സതീശനും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിലെ യുവ തുര്‍ക്കികളിലാണ് സതീശന്റെ പ്രതീക്ഷ മുഴുവന്‍.

VD Satheesan

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും ഇവര്‍ തമ്മിലുള്ള അടി മൂക്കുകയും ചെയ്താല്‍ സമവായ സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങാമെന്നതാണ് കെ.സി വേണുഗോപാലിന്റെ കണക്ക് കൂട്ടല്‍. അതിന് അനുസരിച്ചുള്ള പദ്ധതികള്‍ അദ്ദേഹം തയ്യാറാക്കി വച്ചിട്ടുണ്ടെങ്കിലും എം.പി സ്ഥാനം രാജിവച്ചാല്‍ ആലപ്പുഴ ലോകസഭ മണ്ഡലം ബി.ജെ.പി പിടിക്കുമെന്ന ഭയം കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് ഉള്ളതിനാല്‍ ഈ പദ്ധതി നടക്കാനുള്ള സാധ്യത കുറവാണ്. ഇത് തിരിച്ചറിഞ്ഞ് മറ്റൊരു നീക്കത്തിനാണ് കെ.സി വേണുഗോപാല്‍ തയ്യാറാകുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുന്നുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ കണ്ണിലെ കരടായിരുന്ന വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാട്ടുക എന്നതാണ് ആ അജണ്ട. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ സ്വീകാര്യനാണ് സുധീരന്‍ എന്നതിനാല്‍ സുധീരന്റെ പേര് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് മുന്നോട്ട് വച്ചാല്‍, അത് അംഗീകരിക്കപ്പെടാനാണ് സാധ്യത.

sadiqali shihab thangal

സംഘടനാപരമായി ഏറെ ശക്തിയുള്ള ഇടതുപക്ഷവുമായി ഏറ്റുമുട്ടുമ്പോള്‍ സുധീരനെ പോലെ ജനങ്ങള്‍ക്കിടയില്‍ ഏറ പ്രതിച്ഛായ ഉള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നതാണ് ലീഗ് അണികളും ആഗ്രഹിക്കുന്നത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായാല്‍ വി.ഡി സതീശനും സുധീരന്റെ പേര് മുന്നോട്ട് വയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. ഗ്രൂപ്പുകളുടെ വാദങ്ങള്‍ക്ക് വലിയ പ്രസക്തി നിലവിലെ സാഹചര്യത്തില്‍ ഇല്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരിക്കും ഇക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കുക. വി.എം സുധീരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതാണ്, രാഹുല്‍ ഗാന്ധിയുടെ നിലപാടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയായും സ്പീക്കറായും എം.പിയായും നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുള്ള വി എം സുധീരനെതിരെ ചരിത്രത്തില്‍ ഇന്നുവരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നതും അദ്ദേഹത്തില്‍ രാഹുല്‍ ഗാന്ധി കാണുന്ന മെറിറ്റാണ്.

V. M. Sudheeran

അതേസമയം, യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് ലീഗിന്റെ തീരുമാനം. അത്തരമൊരു ആവശ്യം ലീഗ് മുന്നോട്ട് വച്ചാല്‍ തള്ളിക്കളയാന്‍ കോണ്‍ഗ്രസ്സിനും കഴിയുകയില്ല. പത്ത് വര്‍ഷം പുറത്തിരുന്നതിന്റെ ക്ഷീണം 2026-ല്‍ തീര്‍ത്തില്ലെങ്കില്‍ യു.ഡി.എഫ് എന്ന സംവിധാനം തന്നെ ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കളും നല്‍കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും വിജയ സാധ്യത മാത്രം നോക്കണമെന്നതാണ് വി.ഡി സതീശന്റെയും നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍, ബി.ജെ.പിയും ശക്തമായി രംഗത്തുണ്ടാകും എന്നതിനാല്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതിന്റെ ആനുകൂല്യം ഇടതുപക്ഷത്തിന് ലഭിച്ചാല്‍ അതും യു.ഡി.എഫിനാണ് പ്രതിസന്ധിയുണ്ടാക്കുക.

Also Read: കിഴക്കൻ യൂറോപ്പിൽ ഇനി കളി മാറും, റഷ്യൻ സഹകരണം ശക്തമാക്കി ബെലാറസ്

BJP And RSS

പുതിയ ജില്ലാ കമ്മിറ്റികളെ സൃഷ്ടിച്ച ബി.ജെ.പി, ജില്ലാ അദ്ധ്യക്ഷന്‍മാരായി മിക്കയിടത്തും പുതുമുഖങ്ങളെ കൊണ്ടു വന്നിരിക്കുന്നത് ആ പാര്‍ട്ടിയെയും ശക്തിപ്പെടുത്തുമെന്നാണ് ആര്‍.എസ്.എസ് നേതൃത്വം കരുതുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ സജീവമായ ഇടപെടല്‍ നടത്താന്‍ ആര്‍.എസ്.എസും ഇത്തവണ സജീവമായി രംഗത്തുണ്ടാകും. നേതൃത്വത്തിലെ ഭിന്നത അവസാനിപ്പിക്കാനും ബി.ജെ.പിക്ക് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്താനും ആര്‍.എസ്.എസ് നേതൃത്വവുമായി തിരക്കിട്ട കൂടിയാലോചനകളാണ് ബി.ജെ.പി ദേശീയ നേതൃത്വം നടത്തി വരുന്നത്. ആര്‍.എസ്.എസിന് ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉള്ള സംസ്ഥാനമാണ് കേരളം എന്നതിനാല്‍, ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന് പ്രത്യേക താല്‍പ്പര്യം തന്നെ, കേരളത്തോടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിലെ പ്രകടനം മുന്‍ നിര്‍ത്തി, പത്ത് സീറ്റുകളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത്.


Express View

വീഡിയോ കാണാം…

Share Email
Top