മോദി സര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണ്: രാഹുല്‍ ഗാന്ധി

കേന്ദ്രം വര്‍ത്തമാനകാലത്തേക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയെന്നും ഇപ്പോള്‍ 2047-ലെ സ്വപ്നങ്ങള്‍ വില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണ്: രാഹുല്‍ ഗാന്ധി
മോദി സര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണ്: രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. കേന്ദ്രം വര്‍ത്തമാനകാലത്തേക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയെന്നും ഇപ്പോള്‍ 2047-ലെ സ്വപ്നങ്ങള്‍ വില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

മഹാരാഷ്ട്രയിലെ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സാമൂഹികമാധ്യമമായ എക്സിലൂടെ രാഹുലിന്റെ പ്രതികരണം. താനെ ജില്ലയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ, ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍നിന്ന് വീണ് നാലുപേര്‍ മരിക്കുകയും ആറോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച രാഹുല്‍, പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടേയെന്നും ആശംസിച്ചു.

‘സേവനത്തിന്റെ’ 11 വര്‍ഷങ്ങള്‍ മോദി സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്റെ യാഥാര്‍ഥ്യം പ്രതിഫലിക്കുന്നത് നിരവധിയാളുകള്‍ തീവണ്ടിയില്‍നിന്ന് വീണ് മരിച്ചെന്ന മുംബൈയില്‍നിന്നുള്ള ദുരന്തവാര്‍ത്തയിലാണ്, രാഹുല്‍ ചൂണ്ടിക്കാട്ടി.

കോടിക്കണക്കിനാളുകളുടെ ജീവിതത്തിന്റെ നട്ടെല്ലാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍, ഇന്ന് അത് അരക്ഷിതാവസ്ഥയുടെയും തിരക്കിന്റെയും കുത്തഴിഞ്ഞ അവസ്ഥയുടെയും പ്രതീകമായി മാറിക്കഴിഞ്ഞെന്നും രാഹുല്‍ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ 11 കൊല്ലങ്ങള്‍ ഉത്തരവാദിത്വമില്ലായ്മ, മാറ്റമില്ലായ്ക, പ്രചാരവേലകള്‍, അദ്ദേഹം എക്സിലെ കുറിപ്പില്‍ പരിഹസിച്ചു. രാജ്യം എന്താണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്, അത് ആര് ശ്രദ്ധിക്കുമെന്നും രാഹുല്‍ ചോദിച്ചു.

Share Email
Top