അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ നിരാഹാര സമരം നടത്തിവന്ന രാഹുൽ ഈശ്വർ സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിൽ കഴിഞ്ഞിരുന്ന രാഹുൽ, ഉദ്യോഗസ്ഥരോട് ‘വിശക്കുന്നു’ എന്ന് അറിയിച്ചതിനെ തുടർന്ന് അവർ ഭക്ഷണം വാങ്ങി നൽകുകയായിരുന്നു.
രാത്രി 7 മണിയോടെ 3 ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് രാഹുൽ ഈശ്വർ നിരാഹാരം അവസാനിപ്പിച്ചത്. ഇന്ന് രാഹുൽ ഈശ്വറിൻ്റെ ജാമ്യഹർജി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചു എന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.
Also Read: ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിക്ക് കേന്ദ്രത്തിൻ്റെ ഒരു മാസത്തെ വിലക്ക്
കേസിലെ എഫ്.ഐ.ആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും പോസ്റ്റ് പിൻവലിക്കാമെന്നും രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ഇരകളെ അവഹേളിച്ച് മുമ്പും പോസ്റ്റുകൾ ഇട്ടിട്ടുള്ളതിനാൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യഹർജി തള്ളിയത്. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം, ഇതിനായി പോലീസ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.






