കലിപ്പിൽ തന്നെ..! മഴക്കെടുതി രൂക്ഷമാകുന്നു; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം

കലിപ്പിൽ തന്നെ..! മഴക്കെടുതി രൂക്ഷമാകുന്നു; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കലിപ്പിൽ തന്നെ..! മഴക്കെടുതി രൂക്ഷമാകുന്നു; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നാളെയും (ഓഗസ്റ്റ് 02, ഞായറാഴ്ച) കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ തീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

കൂടാതെ സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പാലക്കാട്, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയുമായി (02-08-2026) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ;മഴ മാത്രമല്ല, കടലും കലിപ്പിൽ..! കാസർകോട് തീരത്ത് കനത്ത കടലാക്രമണം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും റവന്യൂ വകുപ്പിലെയും അധികാരികളുമായി ബന്ധപ്പെടണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Share Email
Top