ഗസയിലെ റഫ ആക്രമണം: ദക്ഷിണാഫ്രിക്കയുടെ അപേക്ഷയില്‍ ഐ.സി.ജെ വിധി ഇന്ന്

ഗസയിലെ റഫ ആക്രമണം:  ദക്ഷിണാഫ്രിക്കയുടെ അപേക്ഷയില്‍ ഐ.സി.ജെ വിധി ഇന്ന്

ഹേഗ്: ഗസയിലെ റഫയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഇന്ന് ഉച്ചക്ക് ശേഷം വിധി പറയും.
ഇസ്രായേലിൻ്റെ വംശഹത്യക്കെതിരെ ഫയല്‍ചെയ്ത കേസിൻ്റെ ഭാഗമായാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞയാഴ്ച നടന്ന വാദം കേള്‍ക്കലില്‍ ഇത്തരമൊരു അടിയന്തര നടപടി ആവശ്യപ്പെട്ടത്. ജനുവരിയിലെ പ്രാരംഭ വാദം കേള്‍ക്കലിന് ശേഷം ഗസയിലെ മാനുഷിക ദുരിതങ്ങള്‍ കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഐ.സി.ജെ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നിര്‍ദേശ സ്വഭാവത്തിലുള്ള ഈ ഉത്തരവിനെ അവഗണിച്ച് ഇസ്രായേല്‍ ഗസയില്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഗസയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഭയം തേടിയെത്തിയ പത്തുലക്ഷം പേര്‍ ഉള്‍പ്പെടെ 15 ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ കരയാക്രമണം നടത്തുന്നത് സങ്കല്‍പത്തിനപ്പുറത്തെ മാനുഷിക ദുരന്തം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ ഐ.സി.ജെ വിധിക്ക് തങ്ങളെ തടയാനാകില്ലെന്നും യുദ്ധം നിര്‍ത്തില്ലെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഭൂമിയില്‍ ഒരു ശക്തിക്കും തങ്ങളെ തടയാനാകില്ലെന്ന് ഇസ്രായേല്‍ വക്താവ് അവി ഹൈമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top