റഫാല്‍ യുദ്ധവിമാനങ്ങളിലെ റഡാറുകൾ ഇനി കേരളത്തിൽ നിന്ന്

'ആർബിഇ2 എഇഎസ്എ' എന്ന സങ്കീർണ്ണമായ വയർ സ്ട്രക്‌ചേർഡ് റഡാറുകൾ നിർമിച്ചുനൽകാനുള്ള സുപ്രധാന കരാറാണ് നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള എസ്എഫ്ഒ ടെക്‌നോളജീസിന് ലഭിച്ചിരിക്കുന്നത്

റഫാല്‍ യുദ്ധവിമാനങ്ങളിലെ റഡാറുകൾ ഇനി കേരളത്തിൽ നിന്ന്
റഫാല്‍ യുദ്ധവിമാനങ്ങളിലെ റഡാറുകൾ ഇനി കേരളത്തിൽ നിന്ന്

ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ ഇന്ത്യക്കുവേണ്ടി നിർമിക്കുന്ന 26 റഫാൽ യുദ്ധവിമാനങ്ങൾക്കായുള്ള റഡാറുകൾ കേരളം ആസ്ഥാനമായ എസ്എഫ്ഒ ടെക്‌നോളജീസ് നിർമിച്ചുനൽകും. ‘ആർബിഇ2 എഇഎസ്എ’ എന്ന സങ്കീർണ്ണമായ വയർ സ്ട്രക്‌ചേർഡ് റഡാറുകൾ നിർമിച്ചുനൽകാനുള്ള സുപ്രധാന കരാറാണ് നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള എസ്എഫ്ഒ ടെക്‌നോളജീസിന് ലഭിച്ചിരിക്കുന്നത്. ദസോ ഏവിയേഷൻ്റെ പങ്കാളികളായ താലസ് എന്ന ഫ്രഞ്ച് കമ്പനിയിൽ നിന്നാണ് ഈ കരാർ എസ്എഫ്ഒ ടെക്‌നോളജീസിന് ലഭിച്ചത്. അതേസമയം ഇടപാടിൻ്റെ മൂല്യമോ കാലാവധിയോ നിലവിൽ വെളിപ്പെടുത്തിയിട്ടില്ല.

റഫാൽ വിമാനത്തിൻ്റെ സുപ്രധാന ഘടക നിർമ്മാണത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നും ഈ കരാർ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ശക്തിപകരുമെന്നും എസ്എഫ്ഒ ടെക്‌നോളജീസിൻ്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ. ജഹാംഗീർ പറഞ്ഞു. പ്രതിരോധം, എയറോസ്പേസ്, ബഹിരാകാശം, ഗതാഗതം, വ്യവസായം തുടങ്ങിയ മേഖലകളിലേക്ക് ആവശ്യമായ ഹാർഡ്‌വെയർ ഡിസൈൻ, സോഫ്റ്റ്‌വെയർ വികസനം, ഇലക്‌ട്രോണിക് മാനുഫാക്ചറിങ് സർവീസ് എന്നിവ നൽകുന്ന കമ്പനിയാണ് എസ്എഫ്ഒ. ഈ സാമ്പത്തിക വർഷം 4000 കോടി രൂപയുടെ വിറ്റുവരവാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Also Read: മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കൊള്ളയടിക്കാൻ ശ്രമം; ഹൈക്കോടതിയുടെ സുപ്രധാന കണ്ടെത്തൽ

പ്രതികൂല കാലാവസ്ഥയിലും ഒരു ഭൂപ്രദേശത്തിൻ്റെ ഉയർന്ന റെസലൂഷനിലുള്ള തത്സമയ ത്രിമാന ചിത്രങ്ങൾ ലഭ്യമാക്കാൻ കഴിവുള്ള റഡാറാണ് ‘ആർബിഇ2 എഇഎസ്എ’. ശത്രുക്കളുടെ നീക്കങ്ങൾ ദൂരെനിന്ന് നിരീക്ഷിക്കാനും കൃത്യമായ ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താനും ഈ സങ്കേതികവിദ്യ സഹായിക്കും. രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ കേരളത്തിൽ നിന്നുള്ള കമ്പനി സുപ്രധാന പങ്കാളിത്തം വഹിക്കുന്നതിൻ്റെ ഉദാഹരണം കൂടിയാണിത്.

Share Email
Top